ടാറ്റുവാണ് ഇപ്പോഴത്തെ ട്രെൻഡ്. ശരീരത്തിൽ പച്ച കുത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാൽ ശരീരത്തിൽ ടാറ്റൂ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം.ടാറ്റൂ എന്നാൽ ചർമ്മത്തിൽ സൂചി കൊണ്ട് തുളച്ച് രണ്ടാം പാളിയായ ഡെർമിസിലേക്ക് മഷി കുത്തിവയ്ക്കുന്നതാണ്.എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ഇത് അണുബാധയ്ക്ക് കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു. അതിനോടൊപ്പം വൃത്തിഹീനമായ സാഹചര്യത്തിൽ ,പരിശീലനം ലഭിക്കാത്തവരാണ് ടാറ്റൂ ചെയ്യുന്നതെങ്കിൽ അതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
മഷി ചർമ്മത്തിന്റെ ആഴത്തിൽ എത്തുന്നത് ഗ്രാനുലോമകൾ (ചർമ്മത്തിനടിയിൽ രൂപപ്പെടുന്ന മുഴകൾ ) ,അണുബാധ ,തുടങ്ങിയ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.ഗുണനിലവാരമില്ലാത്ത മഷിയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന മെർക്കുറി ചർമ്മത്തിൽ അലർജി ഉണ്ടാക്കാനും സാധ്യതയുണ്ട്. സോറിയാസിസ്, എക്‌സിമ, വിറ്റിലിഗോ, ലൈക്കൺ പ്ലാനസ് തുടങ്ങിയ ചർമ്മ രോഗങ്ങൾ ഉള്ളവരാണെങ്കിൽ ടാറ്റൂ ചെയ്യുന്നതിന് മുൻപായി ഉറപ്പായും ഡെർമറ്റോളജിസ്റ്റിന്റെ അഭിപ്രായം തേടേണ്ടതാണ്.
സൂചികളോ,മഷിയോ അണുവിമുക്തമല്ലെങ്കിൽ, അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി, എച്ച്ഐവി,
എംആർഎസ്എ പോലുള്ള ബാക്ടീരിയൽ അണുബാധകൾ ഉൾപ്പടെയുള്ള ഗുരുതര രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് ശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റായ ഡോ.സരിത സാങ്കെ പറയുന്നു.അതിനാൽ ടാറ്റൂ ചെയ്യാൻ എപ്പോഴും പരിശീലനം ലഭിച്ച ആളുകളെ സമീപിക്കുക, ഒപ്പം ശുചിത്വമുള്ള ഇടങ്ങൾ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.