Tech

സെര്‍ച്ചിലെ കുത്തക അവസാനിപ്പിക്കുന്നു; ഗൂഗിളിനെ വിഭജിച്ചേക്കും; ക്രോം തങ്ങള്‍ വാങ്ങാമെന്ന് ഓപ്പണ്‍ എഐ | OpenAI would buy Google’s Chrome

ക്രോം വില്‍ക്കുന്നത് സംബന്ധിച്ച് ഗൂഗിളും ഇതുവരെ പ്രതികരിച്ചിട്ടില്ല

വെബ് സേര്‍ച്ചിംഗ് വിപണിയിലെ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാനും മത്സരം പ്രോത്സാഹിപ്പിക്കാനുമുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ നിര്‍ദേശത്തിന് പിന്നാലെ ഗൂഗിള്‍ ക്രോം വാങ്ങാന്‍ സന്നദ്ധത അറിയിച്ച് ഓപ്പണ്‍ എഐ. വിപണി മത്സരം തിരികെക്കൊണ്ടുവരാന്‍ കോടതി ഇടപെട്ട പശ്ചാത്തലത്തില്‍ തങ്ങള്‍ ക്രോം ഗൂഗിളില്‍ നിന്ന് വാങ്ങാന്‍ തയ്യാറാണെന്ന് ചാറ്റ്ജിപിടി തലവന്‍ നിക് ടര്‍ലി പ്രസ്താവനയിലൂടെ അറിയിച്ചു. വെബ് സേര്‍ച്ചും അതുമായി ബന്ധപ്പെട്ട പരസ്യവരുമാനത്തിലും ഗൂഗിള്‍ കാലങ്ങളായി കുത്തക പുലര്‍ത്തുന്ന അവസ്ഥയില്‍ ഗൂഗിള്‍ വിഭജിക്കണമെന്നും ക്രോം ഉള്‍പ്പെടെ വില്‍ക്കാന്‍ ഗൂഗിള്‍ തയ്യാറാകണമെന്നും കോടതിയില്‍ വാദമുയര്‍ന്നിരുന്നു.

ക്രോം വില്‍ക്കാന്‍ ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റ് നിര്‍ബന്ധിതരായാല്‍ ക്രോം തങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനം. ഗൂഗിള്‍ ക്രോം വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതിനായി ഗൂഗിളിനുമേല്‍ കോടതി സമ്മര്‍ദം ചെലുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതി ഇതുവരെ ഗൂഗിളിനോട് യാതൊന്നും ആവശ്യപ്പെട്ടിട്ടില്ല. ക്രോം വില്‍ക്കുന്നത് സംബന്ധിച്ച് ഗൂഗിളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം വെബ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള കുത്തക അവര്‍ക്ക് എഐ ആപ്പുകളുടേയും പ്ലാറ്റ്‌ഫോമുകളുടേയും നിര്‍മാണത്തിലും വലിയ നേട്ടമാകുമെന്നും ഇത് എഐ പ്ലാറ്റ്‌ഫോമുകള്‍ക്കിടിയിലെ ആരോഗ്യകരമായ മത്സരത്തിനും വെല്ലുവിളി ഉയര്‍ത്തുമെന്നും അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. കോടതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

STORY HIGHLIGHTS : OpenAI would buy Google’s Chrome