പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിന്ന് നാല് കുടുംബങ്ങളെ രക്ഷിച്ചത് കശ്മീരി കമ്പിളി കച്ചവടക്കാരന്റെ സമയോചിത ഇടപെടല്‍. നസകത്ത് അലി എന്ന കച്ചവടക്കാരന്റെ ഇടപെടലാണ് നാല് കുടുംബങ്ങളിലെ അംഗങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ചത്തീസ്ഗഡില്‍ നിന്ന് കശ്മീരില്‍ എത്തിയ നാല് കുടുംബങ്ങളെ ഭീകരാക്രമണത്തിനിടെ നസ്‌കാത്ത് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുകയായിരുന്നു. നാല് കുടുംബങ്ങളില്‍ നിന്നുള്ള പതിനൊന്ന് പേരായിരുന്നു കശ്മീരില്‍ എത്തിയത്. ശിവാനിഷ് ജെയിന്‍, അരവിന്ദ് അഗര്‍വാള്‍, ഹാപ്പി വാദ്‌വാന്‍, കുല്‍ദീപ് സതാപക് എന്നിവരുടെ കുടുംബാംഗങ്ങളായിരുന്നു അവര്‍. സംഘത്തില്‍ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.
മുന്‍പും കശ്മീരില്‍ അവധി ആഘോഷിക്കാന്‍ എത്തുന്ന ഇവർ നസ്‌കാത്തിൽ നിന്നായിരുന്നു കമ്പിളി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. ഇത്തവണയും കശ്മീര്‍ യാത്രയെക്കുറിച്ച് അവര്‍ നസ്‌കാത്തിനെ അറിയിച്ചിരുന്നു. ഏപ്രില്‍ പതിനെട്ടിന് ചത്തീസ്ഗഡില്‍ നിന്ന് യാത്ര തിരിച്ച സംഘം ഏപ്രില്‍ 21 ന് പഹല്‍ഗാമില്‍ എത്തി. ഉരുള്‍പ്പൊട്ടല്‍ മൂലം പഹല്‍ഗാമിലേക്കുള്ള പാതയില്‍ നല്ല തിരക്കായിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. ഇതിനിടെ ചത്തീസ്ഗഡില്‍ നിന്നുള്ള സംഘത്തിനൊപ്പം നസ്‌കാത്തും ഉണ്ടായിരുന്നു. വെടിവെപ്പ് ഉണ്ടായ ഉടന്‍ തന്നെ നസ്‌കാത്ത് അലി നാല് കുടുംബങ്ങളിലെ അംഗങ്ങളേയും സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റുകയായിരുന്നു.
ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
STORY HIGHLIGHTS : Kashmiri trader saves four families from Chhattisgarh during Pahalgam terror attack