ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികളെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ പൊലീസ്. ഭീകരരെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് അനന്ത്‌നാഗ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെയും അനന്ത്‌നാഗ് പൊലീസ് കണ്‍ട്രോള്‍ റൂമിന്റെയും കോണ്‍ടാക്റ്റ് നമ്പറുകളും പൊലീസ് പങ്കുവെച്ചിട്ടുണ്ട്.
പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ ഏപ്രില്‍ 22 ചൊവ്വാഴ്ച്ചയാണ് ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ കൊടുംഭീകരന്‍ സൈഫുളള കസൂരിയാണ് പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിവരം.
ബൈസരൻ വാലിയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരരുടെതേന്ന് കരുതുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ രണ്ട് പേർ സംസാരിച്ചത് പഷ്തൂൺ ഭാഷയിലാണെന്നാണ് വിവരം. അത് അക്രമികൾ പാകിസ്താൻ സ്വദേശികളെന്നതിനുള്ള സൂചനയാണ്. മറ്റ് രണ്ട് പേർ പ്രദേശവാസികളെന്നാണ് വിവരം. ഒരാൾ പാകിസ്താനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ആദിൽ എന്നയാളാണ്. ആദിൽ മുമ്പും ഭീകരവാദികൾക്ക് സഹായം നൽകിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഭീകരർ ശരീരത്തിൽ ക്യാമറകൾ ഘടിപ്പിച്ചിരുന്നതായും അക്രമത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണം നടന്ന പ്രദേശത്തിന് സമീപത്തുനിന്ന് കറുത്ത നിറത്തിലുള്ള ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ഈ ബൈക്കിലാണ് ഭീകരരെത്തിയതെന്നാണ് സംശയിക്കുന്നത്. അക്രമികൾ എത്തിയത് പ്രാദേശിക പൊലീസ് യൂണിഫോം ധരിച്ചായിരുന്നു. സൈനികരുടേതിന് സമാനമായ മുഖംമൂടിയും ധരിച്ചിരുന്നു. അക്രമികൾ ഉപയോഗിച്ചത് യുഎസ് നിർമിത എം4 കാർബൻ റൈഫിളുകളെന്നാണ് സൂചന. പാക് ചാരസംഘടന വഴി വിതരണം ചെയ്യുന്ന റൈഫിളുകളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ.
STORY HIGHLIGHTS : jammu kashmir police announce 20 lakh reward to information on pahalgam attackers