കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ സംസ്കാരം നാളെ. കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുക.
നാളെ രാവിലെ 7 മണി മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി പി.രാജീവ്, എറണാകുളം ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടർന്ന് എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.
കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്. കഴിഞ്ഞദിവസമാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ പഹല്‍ഗാമിലെത്തുന്നത്. ദുബൈയില്‍ ജോലി ചെയ്യുന്ന മകള്‍ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയിരുന്നത്. ദുബൈയിൽ നിന്ന് നാട്ടിലെത്തിയ മകൾക്കും പേരക്കുട്ടികൾക്കും ഭാര്യക്കും ഒപ്പം അവധി ആഘോഷിക്കാനായി തിങ്കളാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലേക്ക് യാത്ര തിരിക്കുന്നത്.