തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജെയിൻ കുര്യനെ ഡൽഹിലെത്തിച്ചു. ഇന്നുതന്നെ വീട്ടിലേക്ക് എത്തുമെന്ന് ബന്ധുക്കളെ അറിയിച്ചു. കഴിഞ്ഞവർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ടി.ബി. ബിനിൽ കൊല്ലപ്പെടുകയും ചെയ്തു. ഗുരുതരമായ പരുക്കുകളോടെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജെയിൻ മാസങ്ങളോളം മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കമുണ്ടായിരുന്നു.
യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മോസ്കോയിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയെന്ന ജെയിനിൻ്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു. ആർമി ക്യാമ്പിലേക്ക് പൊലീസിന്റെ സഹായത്തോടെ പോവുകയാണെന്നാണ് ജെയിന് അവസാനമായി കുടുംബത്തിന് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്.
ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശിയായ ജെയിന്‍ കുര്യന്‍ ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഏജന്റ് മുഖേനയാണ് ജെയിന്‍ അടങ്ങിയ മൂന്ന് പേര്‍ റഷ്യയിലേക്ക് പോയത്.