Kerala

അമ്പലമുക്ക് വിനീത കൊലക്കേസ്: ശിക്ഷ വിധി ഇന്ന് | Ambalamukku Vineetha murder case: Sentencing verdict today

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. കേസിലെ ഏക പ്രതിയാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം സ്വദേശി രാജേന്ദ്രൻ. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിനായി കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കളക്ടർമാരുടെ അടക്കമുള്ള ഏഴ് റിപ്പോർട്ടുകൾ കോടതി വിളിച്ചു വരുത്തി പരിശോധിച്ചു.

2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൃത്യം. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു.

ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതിന് പുറമെ 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.