നിങ്ങള്‍ അവരുടെ കാറുകള്‍ കണ്ടിട്ടുണ്ടോ? ഒരു തരത്തിലുള്ള ആകര്‍ഷണീയതയും അവയ്ക്കില്ല… സാങ്കേതികവിദ്യയും വളരെ മോശമാണ്,ചൈനയില്‍ വെച്ച് തന്നെ ഇല്ലാതായിപ്പോകാതിരിക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്.അവർ ഞങ്ങൾക്ക് എതിരാളികളേയല്ല. ഒരിക്കൽ ഇലോൺ മസ്ക് ചൈനയിൽ നിന്ന് ശ്രദ്ധ നേടുന്ന ഒരു ഇലക്ട്രിക്ക് കാർ കമ്പനിയെകുറിച്ച് പറഞ്ഞതാണിത്. കമ്പനി ഏതാണെന്ന് അറിയേണ്ടെ ഇന്ന് മസ്കിന്റെ ടെസ്ലയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്ന ബിവൈഡി.
മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ലോകത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായി മാറിയിരിക്കുകയാണ് ബിവൈഡി. ആകര്‍ഷകമായ വില ഓപ്ഷനുകള്‍ കൊണ്ട് വിപണികള്‍ വിദേശ വിപണികളടക്കം പിടിച്ചടക്കുകയാണ് ബിവൈഡി. ഇതിന്റെയെല്ലാം ബുദ്ധി കേന്ദ്രം വാങ് ചുവാന്‍ഫുവ് എന്ന ചൈനക്കാരനാണ്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടമായി. തുടര്‍ന്് ജ്യേഷ്ഠനായിരുന്നു അദ്ദേഹത്തെ നയിച്ചത്. മികച്ച രീതിയില്‍ പഠിച്ച അദ്ദേഹം ബീജിംഗ് നോണ്‍ഫെറസ് മെറ്റല്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. പഠനത്തിനുശേഷം, വാങ് ഷെന്‍ഷെനിലേക്ക് മാറി. അവര്‍ പഠിച്ച സ്ഥാപനത്തിന്റെ തന്നെ ഒരു ബാറ്ററി കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങി.
ബാറ്ററി സാങ്കേതികവിദ്യയുടെ ഭാവി അവിടെ നിന്ന് വാങ് മനസിലാക്കി. 1995 ല്‍ 352000 ഡോളര്‍ വായ്പയില്‍ വാങ്ങിന്റെ നേതൃത്വത്തില്‍ 20 പേര് ചേര്‍ന്ന് ബിവൈഡി ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ ബിവൈഡി ബാറ്ററികള്‍ നിര്‍മ്മിക്കുന്ന കമ്പനിയായിരുന്നു. എന്നാല്‍ വാങ് ബാറ്ററികളുടെ ഓട്ടോ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. 2003-ല്‍ കടക്കെണിയിലായ ഒരു കാര്‍ കമ്പനിയെ അദ്ദേഹം 38 മില്യണ്‍ ഡോളറിന് ഏറ്റെടുത്തു.
ബിവൈഡിയുടെ ഗിയര്‍ മാറ്റമായിരുന്നു ഇത്. ലോകമെമ്പാടും നിന്ന് വാങ് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങിക്കൂട്ടി. അവ വേര്‍പെടുത്തി, അവയുടെ ഡിസൈനുകള്‍ പഠിച്ചു. 2008-ല്‍, അമേരിക്കന്‍ നിക്ഷേപകനായ വാറന്‍ ബഫറ്റ് ബിവൈഡിയില്‍ 230 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതോടെ കളി മാറി. വാഹനങ്ങള്‍ക്ക് സ്വന്തമായി മികച്ച ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ഇതോടകം ബിവൈഡി കരുത്താര്‍ജിച്ചിരുന്നു. ഇതു കമ്പനിയുടെ ലാഭവും, വളര്‍ച്ചയും വര്‍ധിപ്പിച്ചു.
അഞ്ച് മിനിറ്റിനുള്ളില്‍ 250 മൈല്‍ റേഞ്ച് ചെയ്യാന്‍ കഴിയുന്ന ഒരു പുതിയ ഫാസ്റ്റ്-ചാര്‍ജിംഗ് സാങ്കേതികവിദ്യ കമ്പനി വികസിപ്പിച്ചു. ഇതോടെ കമ്പനിയുടെ വാഹനങ്ങള്‍ ഹിറ്റായി. 2024 ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മ്മാതാവായി കമ്പനി മാറി, 4.27 ദശലക്ഷം വാഹനങ്ങള്‍ വിതരണം ചെയ്യുകയും, 107 ബില്യണ്‍ ഡോളര്‍ വരുമാനം നേടുകയും ചെയ്തു.ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് എല്ലാത്തിന് കാരണഭൂതനായ വാങ്ങും കമ്പനിക്കൊപ്പം വളര്‍ന്നു. നിലവില്‍ ചുവാന്‍ഫുവിന്റെ ആസ്തി 25.6 ബില്യണ്‍ ഡോളറാണ്.
അന്ന് ഇലോൺമസ്ക് കളിയാക്കിയ ബിവൈഡി ഇന്ന് എതിരാളികളില്ലാതെ വളര്‍ന്ന് പന്തലിച്ച ടെസ്ലയെ പോലും തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ്.ഇന്ന് ടെസ്ല വില്‍ക്കുന്നതിലും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കുന്നത് ബി.വൈ.ഡിയാണ്.ഒടുവിൽ മസ്കും പറഞ്ഞു ‘അവരുടെ കാറുകള്‍ ഞാന്‍ പറഞ്ഞത്ര മോശമല്ല….’