ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ‘ഐ കില്‍ യൂ’ എന്ന ഒറ്റവരി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ ഗൗതം തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. ഭീഷണി ഉള്‍പ്പെട്ട രണ്ട് ഇ മെയില്‍ സന്ദേശങ്ങളാണ് ഏപ്രില്‍ 22ന് ഗൗതത്തിന് ലഭിച്ചത്. ഒന്ന് ഉച്ചയ്ക്കും മറ്റൊന്ന് വൈകീട്ടുമാണ് വന്നത്. രണ്ടിലും ഐ കില്‍ യൂ എന്ന് മാത്രമാണ് ഉണ്ടായിരുന്നത്.
ഇതാദ്യമായല്ല ഗൗതം ഗംഭീറിന് ഭീഷണി സന്ദേശം വരുന്നത്. ഗൗതം ബിജെപി എംപിയായിരുന്ന സമയത്ത് 2021 നവംബറിലും അദ്ദേഹത്തിന് ഭീഷണി നേരിടേണ്ടി വന്നിരുന്നു.
അതേസമയം, ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തെ ഗംഭീർ അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും ഇതിന് ഉത്തരവാദികളായവർ വില നൽകേണ്ടി വരുമെന്നും എക്‌സ് പോസ്റ്റിൽ ഗംഭീർ കുറിച്ചു