Food

മോമോസ് ഇനി ഈസിയായി വീട്ടിലുണ്ടാക്കാം | Momos

ചൈനീസ് ഭക്ഷണം ഇഷ്ട്ടപെടുന്നവരാണോ നിങ്ങൾ? എങ്കിൽ മോമോസും ഇഷ്ടമാകും. ഈയിടെയായി മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മോമോസ്. ഇത് എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍
  • സവോള
  • ഇഞ്ചി
  • വെളുത്തുള്ളി
  • സ്പ്രിങ് ഒണിയന്‍
  • ഉപ്പ്
  • സോയാസോസ്
  • റിഫൈന്‍ഡ് ഓയില്‍

തയ്യാറാക്കുന്ന വിധം

അരക്കിലോ എല്ല് ഇല്ലാത്ത നല്ല അരച്ചെടുത്ത ചിക്കനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിലേക്ക് ഒരു ചെറിയ സവോള, ഒരു കഷ്ണം ഇഞ്ചി, മൂന്നല്ലി വെളുത്തുള്ളി, സ്പ്രിങ് ഒണിയന്‍ എന്നിവയെല്ലാം ചെറുതായി അരിഞ്ഞത് ചേര്‍ത്തുകൊടുക്കാം. ശേഷം ഇതിലേക്ക് സോയാസോസ്, ആവശ്യമായ ഉപ്പ്, കുറച്ചു റിഫൈന്‍ഡ് ഓയില്‍, കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ കുരുമുളക്, ഗരംമസാല, കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്തുകൊടുക്കുക. അടുത്തതായി മാവ് തയാറാക്കുന്നതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ, ഒരു ടീസ്പൂണ്‍ ഉപ്പ്, രണ്ട് ടീസ്പൂണ്‍ ഓയില്‍ അര കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കാം.

ചപ്പാത്തി മാവിന്റെ പരുവത്തിലാണ് നമ്മള്‍ ഇതു ചെയ്‌തെടുക്കേണ്ടത്. ഇതൊന്ന് 15 മിനിറ്റ് റസ്റ്റ് ചെയ്യാന്‍ വെക്കണം. ഇനി ഇതു ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് പരത്തിയെടുക്കാം. വളരെ കനം കുറച്ചുവേണം ഇതൊന്ന് പരത്തിയെടുക്കാന്‍. ഇതു ചെറിയ റൗണ്ട് ഷെയ്പ്പില്‍ പരത്തിയതിനുശേഷം ഉള്ളില്‍ നമ്മള്‍ തയാറാക്കിവെച്ചിരിക്കുന്ന ചിക്കന്‍ വെച്ചതിനുശേഷം ഷെയ്പ്പ് ചെയ്‌തെടുക്കണം. അങ്ങനെ എല്ലാം ചെയ്‌തെടുക്കാം. ശേഷം ഇതൊരു 20 മിനിറ്റ് എങ്കിലും ആവിയില്‍ വേവിച്ചെടുത്തല്‍ നമ്മുടെ മോമോസ് തയ്യാര്‍.