Food

ഒരു ഗ്ലാസ് കട്ടനും നല്ല മൊരിഞ്ഞ പരിപ്പുവടയും എടുക്കട്ടേ? | Parippu Vada

വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ നല്ല മൊരിഞ്ഞ പരിപ്പുവട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

  • പരിപ്പ് – 1 കിലോ
  • ചെറിയ ഉള്ളി – 25 എണ്ണം
  • ഇഞ്ചി – ചെറിയ ഒരു കഷണം
  • വറ്റല്‍മുളക് – 5 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒന്നരമണിക്കൂര്‍ തുമര പരിപ്പ് കുതിര്‍ക്കുക ശേഷം വെള്ളം എല്ലാം ഊറ്റി കളയുക. അതിനുശേഷം പരിപ്പു വടയ്ക്ക് ആവശ്യമായ ഉള്ളിയും ഇഞ്ചിയും പച്ചമുളകും അരിഞ്ഞുവയ്ക്കുക. ഒരു പാത്രത്തിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വറ്റല്‍ മുളകും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം വെള്ളം കളഞ്ഞു വെച്ചിരിക്കുന്ന പരിപ്പ് നന്നായിട്ട് അരച്ചെടുക്കുക.
ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകാന്‍ വെക്കുക. നമ്മള്‍ അരച്ചുവെച്ചിരിക്കുന്ന പരിപ്പിലേക്ക് നേരത്തെ മിക്‌സ് ചെയ്തു വച്ചിരിക്കുന്ന ഉള്ളി ഇഞ്ചി പച്ചമുളക് മിശ്രിതം ചേര്‍ത്ത് കൊടുക്കുക.

അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് എല്ലാം കൂടെ നന്നായി ഇളക്കുക. ഈ മിശ്രിതത്തില്‍ നിന്ന് ചെറിയ ഉരുളകള്‍ ഉണ്ടാക്കുക. ഉരുളകള്‍ കയ്യില്‍ വെച്ച് അമര്‍ത്തി പരന്ന രൂപത്തിലാക്കി ചൂടായ എണ്ണയിലേക്ക് ഇടുക. ഇരുവശവും മൂപ്പിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുമ്പോള്‍ കോരിയെടുക്കുക. രുചികരമായ പരിപ്പുവട തയ്യാര്‍.