ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഏപ്രിൽ 24, 25 തീയതികളിൽ കറാച്ചി തീരത്തിന് സമീപം തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഉപരിതല-മിസൈൽ പരീക്ഷണം നടത്താൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ, പാക്കിസ്ഥാൻ്റെ ഈ നീക്കം ഇന്ത്യൻ പ്രതിരോധ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. പ്രതിരോധ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സംഭവവികാസങ്ങളും ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ശക്തമായ പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും, അട്ടാരി-വാഗ അതിർത്തി അടയ്ക്കുകയും, ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും, സാർക്ക് വിസ റദ്ദാക്കുകയും, ചില പാകിസ്ഥാൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്ത നടപടികൾ ഇതിനോടകം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ്റെ മിസൈൽ പരീക്ഷണത്തിനുള്ള നീക്കം, സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.