Food

ഒരു അടിപൊളി ചിക്കൻ കൊണ്ടാട്ടത്തിന്റെ റെസിപ്പി നോക്കിയാലോ? | Chicken kondattam

ചിക്കൻ കൊണ്ടാട്ടം കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ രുചികരമായി ചിക്കൻ കൊണ്ടാട്ടം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍ – 1 കിലോ (ചെറിയ കഷണങ്ങളായി നുറുക്കിയത്)
  • മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  • കാശ്മീരി ചില്ലി പൗഡര്‍ -21/2 ടേബിള്‍ സ്പൂണ്‍
  • ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എല്ലാം കൂടെ ചതച്ചത് -2 1/2 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില -ആവശ്യത്തിന്
  • നാരങ്ങാ നീര് – ഒരു നാരങ്ങയുടെ
  • ഗരം മസാല പൊടിച്ചത് – 1 ടീസ്പൂണ്‍
  • മല്ലിപ്പൊടി -1 ടീസ്പൂണ്‍
  • വറ്റല്‍ മുളക് – 4 എണ്ണം
  • ചതച്ച വറ്റല്‍ മുളക് – 2 ടീ സ്പൂണ്‍
  • ചെറിയ ഉള്ളി – 30 എണ്ണം
  • വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്
  • ടൊമാറ്റോ സോസ് -1/2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു വലിയ ബൗളിലേക്കു മഞ്ഞള്‍പ്പൊടി, കാശ്മീരി ചില്ലി പൗഡര്‍, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി, ചെറിയ ഉള്ളി ചതച്ചതും കറി വേപ്പിലയും കൂടെ യോജിപ്പിച്ചെടുത്തു അതിലേക് കഴുകി വൃത്തിയാക്കിയ ചിക്കന്‍ ഇട്ടു കൊടുത്തു 1 മണിക്കൂര്‍ എങ്കിലും മസാല തേച്ചു പിടിപ്പിച്ചു വയ്ക്കുക. ശേഷം വേറൊരു പാന്‍ എടുത്ത് അതിലേക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല ഇട്ട ചിക്കന്‍ പൊരിച്ചെടുക്കുക.

ചിക്കന്‍ പൊരിച്ചെടുത്ത അതെ എണ്ണയില്‍ നിന്ന് 2 ടേബിള്‍ സ്പൂണ്‍ എണ്ണ എടുത്തു വേറൊരു പാത്രം ചൂടാക്കി അതിലെക്ക് ഒഴിച്ച് കൊടുത്തു അതിലേക് വറ്റല്‍ മുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഇട്ടു കൊടുത്തു വഴറ്റി എടുക്കുക. ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് 1 ടീസ്പൂണ്‍ ഇട്ട് കൊടുത്തു ഒന്നുടെ വഴറ്റി എടുക്കുക. കറി വേപ്പില ചേര്‍ത്ത് കൊടുക്കുക.

ശേഷം ടൊമാറ്റോ സോസും ചേര്‍ത്ത് വഴറ്റി എടുത്ത് കാശ്മീരി ചില്ലി പൗഡര്‍ ചേര്‍ത്ത് കൊടുക്കുക. ഗരം മസാലയും മല്ലിപ്പൊടിയും ചേര്‍ത്ത് കൊടുത്ത ശേഷം ചതച്ച വറ്റല്‍ മുളകും ചേര്‍ക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കില്‍ ചേര്‍ത്ത് കൊടുത്തു വറുത്തു ചിക്കന്‍ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്ടമായ ചിക്കന്‍ കൊണ്ടാട്ടം റെഡി.