ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡ. ആക്രമണം മനുഷ്യരാശിക്കും വിശ്വാസത്തിനുമെതിരായ കിരാതമായ ആക്രമണമെന്ന് കാനഡ പ്രതികരിച്ചു. ബുദ്ധിശൂന്യവും ക്രൂരവുമായ ഈ ആക്രമണത്തില്‍ നടുങ്ങിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍നി എക്‌സില്‍ കുറിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവും സാധാരണക്കാരും വിനോദസഞ്ചാരികളുമാണെന്നും ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ കാനഡ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം എക്‌സില്‍ എഴുതി.
കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്കെതിരെ നടന്ന ഭീകരാക്രമണത്തില്‍ ലോകരാജ്യങ്ങള്‍ മൗനം പാലിക്കരുതെന്നും കുറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തക്കതായ ശിക്ഷ നല്‍കണമെന്നും കാനഡ സെനേറ്റര്‍ ലിയോ ഹൗസക്കോസും എക്‌സില്‍ കുറിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.