Tech

ക്യാമറയിലും ബാറ്ററിയിലും ബഹുകേമൻ; വില 76,000/- മുതൽ, വിവോ X200 അൾട്ര വിപണിയിൽ | Vivo X200 Ultra

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആയതിനാൽ പെർഫോമൻസിന്റെ കാര്യത്തിലും ഈ പ്രീമിയം ഫോൺ നിരാശപ്പെടുത്തില്ല

മൊബൈൽ ഫോണുകൾ ഓരോ ദിവസവും പുതിയ മോഡലുകൾ വിപണിയിലെത്തുകയാണ്. ഇപ്പോഴിതാ വിവോ X200 അ‌ൾട്ര എന്ന മോഡൽ എത്തിച്ചിരിക്കുകയാണ്. ഏറെ ആരാധകരുള്ള X200 സിരീസിലെ ഏറ്റവും പുതിയ മോഡലാണിത്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആയതിനാൽ പെർഫോമൻസിന്റെ കാര്യത്തിലും ഈ പ്രീമിയം ഫോൺ നിരാശപ്പെടുത്തില്ല. ഡ്യുവൽ ഇമേജിംഗ് ചിപ്പുകൾ ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ, ആദ്യത്തെ സൂപ്പർ-ലൈറ്റ് പ്രിസം ടെക്നോളജിയുള്ള സ്മാർട്ട്ഫോൺ, ആദ്യത്തെ ലാർജ് ത്രീ-ഗ്രൂപ്പ് ലെൻസ് ഡിസൈൻ പെരിസ്കോപ്പ്, OIS ഫീച്ചറുകൾ സഹിതമാണ് വിവോ x200 അ‌ൾട്ര എത്തിയിരിക്കുന്നത്. 1/1.28 ഇഞ്ച് സോണി LYT-818 സെൻസറുള്ള 50MP പ്രധാന ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലെ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നു. കൂടാതെ 200MP ടെലിഫോട്ടോ ക്യാമറയും ഉണ്ട്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

വിവോ X200 അ‌ൾട്രയുടെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് ഏകദേശം 76,020 രൂപ ആണ് വില. 16GB+ 512GB വേരിയന്റിന് ഏകദേശം 81,870 രൂപയും , 16GB+ 1TB സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വേരിയന്റിന് ഏകദേശം 93,565 രൂപയും വില നൽകണം. വിവോ X200 അൾട്രയുടെ ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 29 മുതൽ ആണ് ഇത് ചൈനയിൽ വിൽപ്പനയ്ക്ക് എത്തുക. വിവോ X200 അൾട്ര 1 ടിബി ഫോട്ടോഗ്രാഫർ കിറ്റ് പരിമിതമായ യൂണിറ്റുകളിൽ മാത്രമേ ലഭ്യമാകൂ.

വിവോ സീസ് 2.35x ടെലിഫോട്ടോ ടെലികൺവെർട്ടർ കിറ്റും പ്രൊഫഷണൽ ഇമേജിംഗ് കിറ്റും മെയ് മാസത്തിൽ വാങ്ങാൻ ലഭ്യമാകും. വിവോ X200 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെപ്പറ്റി നിലവിൽ വിവോ സൂചനകളൊന്നും നൽകിയിട്ടില്ല. വിവോ X സീരീസിൽ ഉൾപ്പെടുന്ന വിവോ X200, വിവോ x2000 പ്രോ എന്നിവ ഇതിനകം ഇന്ത്യയിൽ ലഭ്യമായിട്ടുണ്ട്.

content highlight: Vivo X200 Ultra