പഹൽഗാം ആക്രമണം വീണ്ടും ഭീതി പടർത്തിയിരിക്കുകയാണ്. വിനോദസഞ്ചാരമേഖലയ്ക്കും വൻ ഇടിവാണ് സംഭവിക്കുന്നത്. ഇത് കശ്മീരിലെ പലരുടേയും ഉപജീവനത്തേയാണ് ബാധിക്കുക.ജമ്മുകശ്മീരിലേക്കുള്ള വിനോദയാത്ര ബുക്കിംഗിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നിലെ 5000ത്തോളം വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കിയതായാണ് കർണാടക ടൂറിസം സൊസൈറ്റി വിശദമാക്കുന്നത്. വിവിധ ടൂർ ഓപ്പറേറ്റർമാർ മുഖേന ജമ്മു കശ്മീർ യാത്രകൾ ബുക്ക് ചെയ്തവരുടെ വിവരമാണ് പുറത്ത് വന്നിട്ടുള്ളത്.
യാത്ര ക്യാൻസൽ ചെയ്യുന്നത് മൂലമുള്ള ധന നഷ്ടം പരിഗണിക്കാതെയാണ് ഇതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചെറുകിട യാത്രാ സംരംഭങ്ങളിലൂടെ യാത്ര റദ്ദാക്കിയവരുടെ എണ്ണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഭീകരാക്രമണം ഈ സീസണിലെ ടൂറിസം സാധ്യതകൾക്ക് അവസാനമിട്ടതായാണ് ടൂർ ഓപ്പറേറ്റർമാർ പ്രതികരിക്കുന്നത്. അടുത്ത സീസണിലേ ഇവിടേക്കുള്ള വിനോദ സഞ്ചാര സാധ്യതകൾ അറിയാനാവൂവെന്നാണ് കെ ടി എസ് നിരീക്ഷിക്കുന്നത്.ആയിരത്തിലേറെ ആഭ്യന്തര ടൂർ ഓപ്പറേറ്റർമാരാണ് കർണാടകയിലുള്ളത്. ഇതിൽ തന്നെ നൂറോളം പേരാണ് കെടിഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണം ആഭ്യന്തര സഞ്ചാരികളെ മാത്രമല്ല വിദേശ സഞ്ചാരികളേയും ബാധിച്ചതായാണ് അധികൃതർ നിരീക്ഷിക്കുന്നത്. കേന്ദ്ര സർക്കാരും ജമ്മു കശ്മീർ സർക്കാരും തീരുമാനിക്കുന്നത് അനുസരിച്ചാവും ഇനിയുള്ള ജമ്മു കശ്മീർ വിനോദ സഞ്ചാരമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എത്ര സ്ഥലങ്ങൾ പതിവ് രീതിയിൽ തുറന്ന് നൽകുമെന്നതാണ് നിർണായകമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ജൂൺ വരെയുള്ള ജമ്മു കശ്മീർ യാത്രകൾക്കുള്ള സാധ്യതകൾ തുടച്ച് മാറ്റുന്നതാണ് നിലവിലെ നീക്കമെന്നാണ് ടൂർ ഓപ്പറേറ്റർമാർ പ്രതികരിക്കുന്നത്. വിവിധ മതപരമായ യാത്രകളേയും ഭീകരാക്രമണം ബാധിക്കുമെന്നാണ് നിരീക്ഷണം. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ച വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞിരുന്നു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്.ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി കുറയാനാണ് സാധ്യത.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശം അമേരിക്കയും നൽകിയിട്ടുണ്ട്. തീവ്രവാദവും ആഭ്യന്തര കലാപവും നിമിത്തം ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിർത്തിക്ക് 10 കിലോമീറ്റർ ചുറ്റളവിലേക്കുമുള്ള യാത്രകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ചയാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും ഉള്ളതിനാൽ ജമ്മു കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. എന്നാൽ കിഴക്കൻ ലഡാക്ക്, ലേ സന്ദർശനത്തിന് മുന്നറിയിപ്പ് ബാധകമല്ലെന്നാണ് യുഎസ് എംബസിയുടെ ഔദ്യോഗിത വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ജാഗ്രതാ മുന്നറിയിപ്പിൽ വിശദമാക്കുന്നത്. ഇന്ത്യാ പാക് അതിർത്തിയിൽ അക്രമം പൊട്ടിപ്പുറപ്പെടുന്നുവെന്നും മുന്നറിയിപ്പിൽ വിശദമാക്കുന്നത്. വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് മുന്നറിയിപ്പ് ബാധകമാണ്.
ജാഗ്രതാ നിർദ്ദേശത്തിൽ ഇന്ത്യയിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കണ്ട കാര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. തനിച്ച് യാത്രകൾ ചെയ്യരുത്. സ്ത്രീകൾ ആണെങ്കിൽ പ്രത്യേകിച്ചും തനിച്ച് യാത്ര അരുത്. സ്വകാര്യ സുരക്ഷാ പദ്ധതികൾ കരുതണം. സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പദ്ധതിയിൽ ഭാഗമാവുക. രാജ്യം നൽകുന്ന മുന്നറിയിപ്പുകൾ പിന്തുടരുക എന്നും ജാഗ്രതാ നിർദ്ദേശം വിശദമാക്കുന്നു. ഗ്രേഡ് 4ലുള്ള മുന്നറിയിപ്പാണ് ജമ്മു കശ്മീരിലേക്കുള്ള യാത്രയിൽ നൽകിയിട്ടുള്ളത്. ഇന്ത്യ പാക് അതിർത്തിയിലും ഗ്രേഡ് 4ലുള്ള മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.