ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദികളെ വെറുതെ വിടില്ല. ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടും. ഭീകരവാദികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശിക്ഷ കിട്ടും. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ബിഹാറിൽ നടന്ന പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഈ ആക്രമണം നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെ മാത്രമല്ല, രാജ്യത്തിന്റെ ശത്രുക്കൾ ഭാരതത്തിന്റെ ആത്മാവിനെ ആക്രമിക്കാൻ ധൈര്യപ്പെട്ടു. പഹൽഗാമിൽ നിരപരാധികളെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയതിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി അവർക്കൊപ്പം നിൽക്കുന്നുവെന്ന് മോദി പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി രണ്ട് മിനിറ്റ് മൗനം ആചരിച്ചു. കൊല്ലപ്പെട്ടവർക്ക് മോദി ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.