Kerala

തിരുവാതുക്കൽ ഇരട്ടക്കൊല: ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രമെന്ന് പ്രതി അമിത്തിന്റെ മൊഴി, എഴുന്നേറ്റതിനാൽ ഭാര്യയേയും കൊന്നു

കോട്ടയം ഇരട്ടക്കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. പ്രതി അമിത് ഒറാങ് കൊല്ലാന്‍ ലക്ഷ്യം വെച്ചത് വിജയകുമാറിനെ മാത്രമെന്ന് പൊലീസ്. ശബ്ദം കേട്ട് ഭാര്യ ഉണര്‍ന്നത് കൊണ്ടാണ് മീരയെ കൊന്നതെന്ന് പ്രതി മൊഴി നല്‍കി.

വിജയകുമാര്‍ കൊടുത്ത കേസ് മൂലമാണ് ഗര്‍ഭം അലസി പോയ ഭാര്യയെ പരിചരിക്കാന്‍ പ്രതിക്ക് പോകാന്‍ കഴിയാതിരുന്നത്. ഇതാണ് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പൊലീസ് പിടിയിലായി ആദ്യ മണിക്കൂറിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെയാണ് പ്രതി കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്.

വിജയകുമാറിന്റെ ജോലിക്കാരനായിരുന്നപ്പോൾ ശമ്പളം നല്‍കാതെ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പ്രതി പറയുന്നത്. ഇതേ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടാന്‍ അമിത് ശ്രമിച്ചത്.

ഈ കേസില്‍ അഞ്ചുമാസം പ്രതി റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഈ കാലത്താണ് ഭാര്യയുടെ ഗര്‍ഭം അലസി പോകുന്നത്. ഭാര്യയെ പരിചരിക്കാന്‍ പോലും പോകാന്‍ സാധിക്കാതെ വന്നതിലുള്ള വൈരാഗ്യം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

എന്നാല്‍ വിജയകുമാറിനെ മാത്രമാണ് കൊലപ്പെടുത്താന്‍ അമിത് തീരുമാനിച്ചത്. കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് വിജയകുമാറിന്റെ ഭാര്യ എഴുന്നേറ്റതോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പ്രതി ഡിവിആറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.