Business

ഓഹരി വിപണിയില്‍ ഏഴുദിവസത്തെ മുന്നേറ്റം അവസാനിച്ചു! രൂപ വീണ്ടും ഇടിഞ്ഞു | Sensex

ഇതിന് പുറമേ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തിയ ഓഹരി വിപണിയിൽ വീണ്ടും ഇടിവ്.  ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 22 പൈസയുടെ ഇടിവാണ് നേരിട്ടത്. 85.67 ലേക്ക് മൂല്യം താഴ്ന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്നാണ് നിരീക്ഷകർ പറയുന്നത്.

ഇതിന് പുറമേ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നലെ ഡോളറിനെതിരെ 26 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 85.45 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. രണ്ടു ദിവസത്തിനിടെ 48 പൈസയുടെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്.

അതിനിടെ ഏഴുദിവസത്തെ റാലിയ്ക്ക് ശേഷം ഇന്ന് ഓഹരി വിപണി നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 300 ഓളം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

content highlight: Sensex