Business

മാന്‍ കാന്‍കോറിന്റെ കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം

ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ മുന്‍നിര കമ്പനി മാന്‍ കാന്‍കോര്‍ വികസിപ്പിച്ചെടുത്ത കേശ സംരക്ഷണ പ്രകൃതിദത്ത ഉത്പന്നം പ്യൂരാകാന് 23-മത് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം. താരന്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്‍കുന്ന പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചത്. സൗന്ദര്യവര്‍ദ്ധക, പേഴ്‌സണല്‍ കെയര്‍ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ 2003 മുതല്‍ നല്‍കിവരുന്ന പ്രമുഖ ബഹുമതിയാണ് ബിഎസ്ബി ഇന്നവേഷന്‍. അസംസ്‌കൃത വസ്തുക്കള്‍, പ്രായോഗിക ആശയങ്ങള്‍, വ്യാവസായിക പ്രക്രിയകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നവീകരണം, സുസ്ഥിരത, കാര്യപ്രാപ്തി എന്നിവയിലൂന്നിയുള്ള മുന്‍നിര ഗവേഷണത്തിനും വികസനങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്.

ഗവേഷണം, നൂതന സാങ്കേതികവിദ്യ, ക്ലിനിക്കല്‍ പഠനങ്ങള്‍ എന്നിവയിലൂടെ വികസിപ്പിച്ചെടുത്ത പ്യൂരാകാന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. ശിരോചര്‍മ്മ സംരക്ഷണത്തിന് പുതിയ മാനം നല്‍കുന്ന ഉത്പന്നം, പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ‘മാന്‍കോറിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയ താരന്‍ പ്രതിരോധ ഉത്പന്നത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചേരുവകളില്‍ ഒന്ന് അപ്‌സൈക്കിള്‍ ചെയ്‌തെടുത്തതും മറ്റൊന്ന് കമ്പനിയുടെ ബാക്ക്‌വേഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം വഴി നേരിട്ട് കര്‍ഷകരില്‍ നിന്ന് ശേഖരിച്ചതുമാണ്. ഇത് ആറായിരത്തിലധികം കര്‍ഷകര്‍ക്ക് ഗുണപ്രദമാകും’- മാന്‍ കാന്‍കോര്‍ സിഇഒയും എക്‌സി.ഡയറക്ടറുമായ ഡോ.ജീമോന്‍ കോര പറഞ്ഞു.

ആഗോളതലത്തില്‍ ലഭിച്ച ഈ അംഗീകാരം നവീന ആശയങ്ങളില്‍ ഊന്നിയുള്ള സ്ഥാപനത്തിന്റെ മികവാര്‍ന്ന പ്രകടനത്തെയും ക്ലീന്‍ ലേബല്‍ സൊലൂഷന്‍സ് വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയുമാണ് സൂചിപ്പിക്കുന്നത്. വ്യക്തിഗത പരിചരണവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കേശ-ചര്‍മ്മ സംരക്ഷണം, സണ്‍ കെയര്‍ എന്നിവയില്‍ നൂതന പരിഹാര മാര്‍ഗങ്ങള്‍ വികസിപ്പിച്ചുകൊണ്ട് പ്രകൃതിദത്ത ചേരുവകളുടെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തമാക്കുകയാണ് മാന്‍ കാന്‍കോര്‍ എന്നും ഡോ.ജീമോന്‍ കോര അഭിപ്രായപ്പെട്ടു.

CONTENT HIGH LIGHTS: Man Cancor’s natural hair care product Purecan wins European BSB Innovation Award