തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കെഎസ്ഇബിയാണ് അറിയിപ്പ് നൽകിയത്. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് (24.04.2025) മുതൽ ശനിയാഴ്ച (26.04.2025) വരെ വടക്കൻ കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനഃസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്. വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും ആയതിനാൽ വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
CONTENT HIGHLIGHT: possibility of power disruption