india

പഹൽ​ഗാം ഭീകരാക്രമണം: പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുനൽകി മുകേഷ് അംബാനി | mukesh-ambani-offers-free-treatment

റിലയയന്‍സ് കുടുംബത്തിലെ എല്ലാവരും അതീവമായി ദുഃഖിക്കുന്നു

മുംബൈ: പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പ് നൽകി മുകേഷ് അംബാനി. ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തില്‍ റിലയയന്‍സ് കുടുംബത്തിലെ എല്ലാവരും അതീവമായി ദുഃഖിക്കുന്നു.  ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

പരിക്കേറ്റ എല്ലാവര്‍ക്കും മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ സര്‍ എച്ച്എന്‍ ഫൗണ്ടേഷന്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ അതിവേഗത്തില്‍ രോഗമുക്തി നേടട്ടെയെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ എല്ലാവര്‍ക്കും തങ്ങളുടെ മുംബൈയിലെ ആശുപത്രിയില്‍ എല്ലാ ചികിത്സകളും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നതു വരെ രാജ്യം വിശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ മധുബനിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തിനു മുമ്പ് കശ്മീരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു ആദരമായി ഒരു മിനിറ്റ് മൗനം ആചരിച്ചു. ഈ ലോകത്തോടു ഞാന്‍ പറയുകയാണ്, ഓരോ ഭീകരനെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരഞ്ഞു പിടിച്ചു ശിക്ഷിക്കും. ഈ ഭൂമിയുടെ അറ്റം വരെ അവരെ പിന്തുടരും. അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തുള്ള ശിക്ഷ നല്‍കും. അതിന് എന്തു മാര്‍ഗം വേണോ അതെല്ലാം സ്വീകരിക്കുമെന്നും മോദി പറഞ്ഞു.

ഭീകരതയ്ക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ ഓരോ ഇഞ്ചും നശിപ്പിക്കും. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ്. ചിലര്‍ക്ക് മകനെയും ചിലര്‍ക്ക് സഹോദരനെയും ചിലര്‍ക്ക് പങ്കാളിയെയും നഷ്ടപ്പെട്ടു. അവരുടെ വേദന മുഴുവന്‍ രാജ്യവും പങ്കിടുന്നു. ഭീകരവാദം കൊണ്ട് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാനാവില്ല. ഭീകരവാദം ഒരിക്കലും ശിക്ഷിക്കപ്പെടാതെ പോകുകയുമില്ല. നീതി ലഭിച്ചെന്ന് ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളുമുണ്ടാകും. ഇക്കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഈ സമയം ഞങ്ങള്‍ക്കൊപ്പം നിന്ന രാജ്യങ്ങളിലെ ജനങ്ങളോടും നേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. പ്രധാനമന്ത്രി മോദി പറഞ്ഞു.

content highlight: mukesh-ambani-offers-free-treatment

Latest News