കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍റെ സംസ്കാരം ഇന്ന്. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം വെള്ളി രാവിലെ ഏഴുമുതൽ ഒമ്പതുവരെ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിലും തുടർന്ന് 11 വരെ മാമംഗലം മങ്ങാട്ട് റോഡിലെ ‘നീരാഞ്ജനം’ വീട്ടിലും പൊതുദർശനത്തിനുവയ്‌ക്കും. പകൽ 12ന് ഇടപ്പള്ളി ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്കാരം.
അഞ്ചുവർഷംമുമ്പാണ് പ്രവാസജീവിതം അവസാനിപ്പിച്ച് രാമചന്ദ്രൻ നാട്ടിലെത്തിയത്. പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു താമസം. ദുബായിൽനിന്നെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം 21ന് രാവിലെയാണ് രാമചന്ദ്രനും ഭാര്യ ഷീലയും കശ്‌മീരിൽ പോയത്.
മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന തന്‍റെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കൂട്ടിച്ചേര്‍ത്തു.