ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചത് പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചു. പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകൾ നീക്കംചെയ്യാനും കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു.
പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുടെ നയതന്ത്ര മറുപടിക്ക് പ്രതികാരനടപടികളുമായി പാകിസ്ഥാൻ. ഇന്ത്യയിലേക്കുള്ള വ്യോമപാതകൾ ഉടൻ അടക്കാനും ഷിംല കരാർ മരവിപ്പിക്കാനുമാണ് പാകിസ്താന്റെ തീരുമാനം. സാർക്ക് വിസാ ഇളവ് പദ്ധതി പ്രകാരം ഇന്ത്യക്കാർക്ക് അനുവദിച്ച എല്ലാ വിസകളും അസാധുവാക്കിയ പാകിസ്ഥാൻ സിഖ് തീർഥാടകർ ഒഴികെയുള്ളവരെല്ലാം 48 മണിക്കൂറിനകം രാജ്യംവിട്ടുപോകാൻ നിർദ്ദേശിച്ചു. പാകിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ 30നകം അതിർത്തി കടക്കണം. ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സുരക്ഷ പിൻവലിച്ച നടപടിക്ക് പിന്നാലെയാണ് പാകിസ്താൻ നീക്കങ്ങൾ ആരംഭിച്ചത്.
സിന്ധു നദിജല കരാർ മരവിപ്പിച്ച വിവരം കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്തിലൂടെ അറിയിപ്പ് നൽകി. ഇതോടെ 65 വർഷമായി നിലനിന്നിരുന്ന ജലവിതരണ സംവിധാനമാണ് ഇന്ത്യ നിർത്തലാക്കുന്നത്. അമർനാഥ് യാത്രയോട് അനുബന്ധിച്ച് ജൂൺ മാസത്തിൽ തുറക്കേണ്ട ബൈസരൻവാലി ഏപ്രിൽ തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ല എന്ന് കേന്ദ്രം സർവകക്ഷി യോഗത്തിൽ സമ്മതിച്ചു. പഹൽഗാം ആക്രമണമായി ബന്ധപ്പെട്ട സ്ഥിതി കേന്ദ്രമന്ത്രിമാർ രാഷ്ട്രപതിയെ അറിയിച്ചുണ്ട്. പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം നിർദ്ദേശവും നൽകികഴിഞ്ഞു. ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനന്തനാകിൽ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദർശിക്കും.