ചിക്കൻ വാങ്ങിയാൽ വെറൈറ്റി ട്രൈ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്യൂ. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍ – 1 കിലോ
- മുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
- മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- സവാള – രണ്ടെണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂണ്‍
- പട്ട, ഗ്രാമ്പു, ഏലക്ക – രണ്ടെണ്ണം വീതം
- ബേ ലീഫ് – ഒരു ചെറിയ കഷ്ണം
- ഉണക്കമുളക് – നാലു മുതല്‍ അഞ്ചെണ്ണം വരെ
- പെരുംജീരകവും നല്ലജീരകവും – കാല്‍ ടീസ്പൂണ്‍ വീതം
- കറിവേപ്പില – രണ്ട് തണ്ട്
- പച്ചമുളക് – രണ്ടു മുതല്‍ മൂന്നെണ്ണം വരെ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വെച്ച ചിക്കന്‍ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോള്‍ പട്ട, ഗ്രാമ്പു, ജീരകം, പെരുംജീരകം, ഉണക്കമുളക്, ബേലീഫ് എന്നിവയെല്ലാം ഇട്ട് നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കുക. സ്റ്റൗ ഓഫ് ചെയ്യുന്നതിനു മുന്‍പായി മല്ലിപ്പൊടി കൂടി ഈയൊരു കൂട്ടിലേക്ക് ചേര്‍ത്ത് കൊടുക്കാം.
ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോള്‍ ചെറിയതായി അരിഞ്ഞെടുത്ത സവാള അതിലേക്ക് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. ശേഷം ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും, പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ശേഷം റസ്റ്റ് ചെയ്യാനായി മാറ്റിവെച്ച ചിക്കന്‍ കൂടി സവാളയോടൊപ്പം ചേര്‍ത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കണം. ചിക്കനില്‍ നിന്ന് ചെറുതായി വെള്ളം ഇറങ്ങി തുടങ്ങുമ്പോള്‍ പൊടിക്കാനായി വെച്ച മസാല പൊടിച്ചെടുത്ത് അതില്‍ നിന്നും പകുതി ചേര്‍ത്തു കൊടുക്കുക.
ഇങ്ങനെ ചെയ്യുമ്പോള്‍ മസാലക്കൂട്ട് ചിക്കനിലേക്ക് നല്ലതുപോലെ മിക്‌സ് ചെയ്ത് കൊടുക്കണം. ചിക്കന്‍ വേവാന്‍ ആവശ്യമായ കുറച്ച് വെള്ളം കൂടി ചേര്‍ത്തശേഷം അടച്ചുവെച്ച് വേവിക്കാം. ചിക്കന്‍ നല്ലതുപോലെ വെന്ത് വെള്ളം വലിഞ്ഞു തുടങ്ങുമ്പോള്‍ നേരത്തെ പൊടിച്ചു വച്ച പൊടിയുടെ ബാക്കി കൂടി ചേര്‍ത്തു കൊടുക്കണം. ശേഷം പച്ചമണം പോകാന്‍ ആവശ്യമായ സമയം നല്‍കി കുറച്ച് കറിവേപ്പില കൂടി റോസ്റ്റിലേക്ക് ചേര്‍ത്തു കൊടുക്കാം. ഈയൊരു രീതിയില്‍ ഇളം ചൂടില്‍ ഇരുന്ന് ചിക്കന്‍ ഒന്നുകൂടി കുറുകി സെറ്റായി വരുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യാം. ചിക്കന്‍ റോസ്റ്റ് റെഡി.