Food

ഇന്നൊരു അറേബ്യന്‍ വിഭവം ആയാലോ? തയ്യാറാക്കാം രുചികരമായ കബ്‌സ | Kabsa

ഇന്ന് അല്പം വ്യത്യസ്തമായി ഒരു അറേബ്യൻ വിഭവം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന കബ്‌സയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍ – 1 കിലോഗ്രാം
  • സവാള – 2
  • തക്കാളി പഴുത്തത് – 3
  • വെളുത്തുള്ളി – 6 വലിയ അല്ലി
  • പച്ചമുളക് – 2
  • ഏലയ്ക്ക – 6
  • ഗ്രാമ്പൂ – 6
  • ചെറിയ ജീരകം – ഒരു ടീസ്പൂണ്‍
  • കുരുമുളക് – ഒരു ടീസ്പൂണ്‍
  • ബ്ലാക്ക് ലെമണ്‍ – 2
  • ബേ ലീഫ് – 4
  • കറുവാപട്ട – വലിയ ഒരു കഷ്ണം
  • ചിക്കന്‍ സ്റ്റോക്ക് – രണ്ട്
  • ടൊമാറ്റോ പേസ്റ്റ് – 2 ടേബിള്‍സ്പൂണ്‍
  • കബ്സ മസാല – മൂന്ന് ടീസ്പൂണ്‍
  • ബസ്മതി അരി(ഗോള്‍ഡന്‍ )- മൂന്ന് ഗ്ലാസ് (3/4 കിലോഗ്രാം)

തയാറാക്കുന്ന വിധം

ബസ്മതി അരി കഴുകി 1 മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക. ചിക്കന്‍ വലിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു ഫ്രൈയിങ് പാനില്‍ നാല് ടേബിള്‍സ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയില്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ ഓയില്‍ ഒഴിച്ച് ചൂടായാല്‍ സവാള ചെറുതായി അരിഞ്ഞ് നന്നായി വഴറ്റുക. ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുക. അതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് നന്നായി വഴറ്റുക. അതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മറ്റു മസാലകള്‍ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി നല്ല ഒരു മണം വരുന്നത് വരെ കാത്തിരിക്കുക.

കബ്സ മസാലയും ചിക്കന്‍ സ്റ്റോക്കും ടൊമാറ്റോ പേസ്റ്റും ചേര്‍ക്കുക. ഇതിലേക്ക് വൃത്തിയാക്കി വച്ചിട്ടുള്ള കോഴി കഷ്ണങ്ങള്‍ ഇടുക. 5 മിനിറ്റ് വേവിക്കുക. അതിനുശേഷം ചൂടുള്ള വെള്ളം ആറര ഗ്ലാസ് ഒഴിച്ച് 25 മിനിറ്റ് വേവിക്കുക. (രണ്ട് കപ്പ് അരിയ്ക്ക് നാല് കപ്പ് വെള്ളം എന്ന കണക്കില്‍) ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കുക. 30 മിനിറ്റിനുശേഷം. കോഴിക്കഷ്ണങ്ങള്‍ അതില്‍നിന്നും മാറ്റി എടുക്കാം. (ഈ വെള്ളം അരിച്ചെടുത്ത് അതിലാണ് അരി വേവിക്കുന്നത്).

ആ വെള്ളത്തില്‍ അരിയിടാം, മിതമായ ചൂടില്‍ അരി വേവിക്കുക. കോഴി കഷണങ്ങളില്‍ നാരങ്ങാനീര് പുരട്ടി അതിനുശേഷം ഒരല്‍പം ഒലീവ് ഓയില്‍ കൂടെ ഒഴിച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. അരിയിലെ വെള്ളം പറ്റിയതിനു ശേഷം 20 മിനിറ്റ് ചെറിയ തീയില്‍ ദം ചെയ്യുക.