ചിക്കൻ 65 അല്ലെ നിങ്ങൾ കഴിച്ചിട്ടൊള്ളൂ, എഗ്ഗ് 65 കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്. പ്ലേറ്റ് കാലി ആകുന്നത് പോലും അറിയില്ല. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- കോഴിമുട്ട
- ഇഞ്ചി
- സവാള
- വെളുത്തുള്ളി
- പച്ചമുളക്
- ഗരംമസാലപൊടി
- കാശ്മീരിമുളക്പൊടി
- ഉപ്പ് – ആവശ്യത്തിന്
- കടലമാവ്
- എണ്ണ
- കറിവേപ്പില
- ടൊമാറ്റോ സോസ്
തയ്യാറാക്കുന്ന വിധം
എഗ്ഗ് 65 തയ്യാറാക്കാന്‍ ആദ്യം അഞ്ച് കോഴിമുട്ട പുഴുങ്ങിയെടുക്കുക. എന്നിട്ട് മുട്ടയിലെ മഞ്ഞക്കരു മാറ്റി വെള്ളഭാഗം മാത്രം എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് 1 ടീസ്പൂണ്‍, ഇഞ്ചി, 1 സവാള, 1ടീസ്പൂണ്‍ വെളുത്തുള്ളി, 2 പച്ചമുളക് എന്നിവയെല്ലാം ചെറുതാക്കി അരിഞ്ഞത്, 1/2ടീസ്പൂണ്‍ ഗരം മസാലപൊടി, 1/2 ടീസ്പൂണ്‍ കാശ്മീരി മുളക്പൊടി, ആവശ്യത്തിന് ഉപ്പ്, 1 കപ്പ് കടലമാവ് എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ യോജിപ്പിച്ചെടുക്കുക. അടുത്തതായി ഇത് ഫ്രൈ ചെയ്തെടുക്കണം. അതിനായി ചൂടായ ഒരു പാനിലേക്ക് എണ്ണ ഒഴിക്കുക.
എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കൈകൊട് ഓരോ ഉരുളകളാക്കി ഇട്ടു കൊടുക്കാവുന്നതാണ്. ഫ്രൈ ചെയ്തുവരുന്നത് നമുക്ക് ഒരു പാത്രത്തിലേക്ക് കോരിയെടുക്കാം. അടുത്തതായി ഒരു ചീനച്ചട്ടിയിലേക്ക് നേരത്തെ ഫ്രൈ ചെയ്യാന്‍ ഉപയോഗിച്ച എണ്ണ കുറച്ച് ഒഴിക്കുക. എന്നിട്ട് അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി, കറിവേപ്പില, 4 പച്ചമുളക് എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തെടുത്ത എഗ്ഗ് ചേര്‍ത്തുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. പിന്നീട് ഇതിലേക്ക് അല്‍പം കാശ്മീരി മുളക്പൊടിയും കുറച്ച് ടൊമാറ്റോ സോസും കൂടി ചേര്‍ത്ത് കൊടുത്താല്‍ നമ്മുടെ ടേസ്റ്റിയായ എഗ്ഗ് 65 റെഡി.