ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. വ്യാഴാഴ്ച രാത്രിയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. ശക്തമായി നേരിട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല.
അതിനിടെ, കശ്മീരിലെ ബന്ദിപോര മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലും തുടരുകയാണ്. ബന്ദിപോരയിലെ കുല്‍നാര്‍ ബസിപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നവിവരത്തെ തുടര്‍ന്ന് സൈന്യം ഇവിടം വളഞ്ഞിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരുഅയൽക്കാർക്കും ഇടയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്‍റെ ഭാഗമായി സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.
ഇതിനിടെ, അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന അതിര്‍ത്തിരക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്‍ പാകിസ്താന്‍ കസ്റ്റഡിയിലാവുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്പുര്‍ അതിര്‍ത്തിക്കു സമീപത്തുനിന്നാണ് ഇയാളെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ചതുടരുന്നതിനിടയിലാണ് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.