Food

ഒരു വെറൈറ്റി വെണ്ടയ്ക്ക തോരന്‍ ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ഊണിന് ഒരു കിടിലൻ തോരൻ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വെണ്ടയ്ക്ക തോരന്‍ ഉണ്ടാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • 150 ഗ്രാം വെണ്ടക്ക
  • ചെറിയ സവാള അല്ലെങ്കില്‍ 10 ചെറിയ ഉള്ളി
  • പച്ചമുളക് (എരിവനുസരിച്ച്)
  • കറിവേപ്പില
  • തേങ്ങ

തയ്യാറാക്കുന്ന വിധം

മെഴുക്കുപുരട്ടിക്ക് അരിയുന്ന രീതിയില്‍ വെണ്ടക്ക അരിയുക. മൂത്ത വെണ്ടക്ക ഒഴിവാക്കണം. സവാള കുറുകെ മുറിച്ച് കനം കുറച്ച് അരിഞ്ഞെടുക്കുക. മുളക് വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഇനി ഒരു പാനില്‍ ഒന്നര സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക് ചേര്‍ത്ത് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് വറ്റല്‍മുളക് ചേര്‍ക്കുക. മൂത്ത ശേഷം അരിഞ്ഞു വെച്ച സവാളയും പച്ചമുളകും വെണ്ടക്കയും ചേര്‍ക്കുക. ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഹൈ ഫ്ളൈമില്‍ ഇളക്കി കൊണ്ടിരിക്കുക. തുറന്നു വെച്ച് അല്പം പോലും ജലാംശം ഇല്ലാതെയാണ് വേവിച്ചെടുക്കേണ്ടത്. വെണ്ടക്ക വെന്തു വരുമ്പോള്‍ അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം മാറുന്നവരെ ഇളക്കി വെക്കുക. അതിനുശേഷം ഇതിലേക്ക് തേങ്ങ തിരുമ്മിയത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കൈ എടുക്കാതെ ണ്ടുമൂന്ന് മിനിറ്റ് ഇളക്കി കൊടുക്കുക. പാനില്‍ പിടിക്കാതെ ശ്രദ്ധിക്കണം. ഉപ്പു നോക്കി കുറവാണെങ്കില്‍ ആവശ്യത്തിന് ചേര്‍ത്ത് കൊടുക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന നല്ല നാടന്‍ വെണ്ടയ്ക്ക തോരന്‍ റെഡി.