Kerala

ഷഹബാസ് വധക്കേസിൽ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷ വീണ്ടും തള്ളി

ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യം നൽകിയാൽ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു.

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ആറ് വിദ്യാര്‍ഥികളെയാണ് പ്രതി ചേര്‍ത്തത്. എന്നാല്‍, അക്രമ ആഹ്വാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

ഇവരെ കൂടി പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റാരോപിതരെല്ലാം പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ നിയമോപദേശം സ്വീകരിച്ച് മുന്നോട്ട് പോകാനാണ് പൊലീസിന് ലഭിച്ച നിര്‍ദേശം.

മെയ് അവസാനത്തോടെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കേണ്ടതുണ്ട്. സംഘർഷത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ക്ക് പുറമേ അക്രമത്തിന് ആഹ്വാനം നല്‍കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ഉൾപ്പെടെയുള്ളവയാണ് കേസിലെ നിര്‍ണായക തെളിവുകള്‍.

ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് ഷഹബാസിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ആസൂത്രിതമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Latest News