Thiruvananthapuram

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കർഷകന് ഇൻഷ്വറൻസ് ലഭിച്ചു

നെയ്യാറ്റിൻകര മഞ്ചവിളാകം ക്ഷീരോത്പാദക സംഘം അംഗമായ ക്ഷീരകർഷകന്റെ അസുഖം ബാധിച്ച് ചത്ത രണ്ടു പശുക്കൾക്ക് സർക്കാർ 15,000 രൂപ ഇൻഷ്വറൻസ് ആനുകൂല്യം അനുവദിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് തുക അനുവദിച്ചത്. ഇൻഷ്വറൻസില്ലാത്ത പശുക്കൾ ചാകുമ്പോഴാണ് ഇത്തരത്തിൽ ക്ഷീരവികസന വകുപ്പിന്റെ കണ്ടിജൻസി ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത്.

നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഞ്ചവിളാകം നടൂർകൊല്ല രാഗത്തിൽ കെ. ഭാസ്കരൻ നായർ അപേക്ഷ നൽകിയിരുന്നുവെങ്കിലും തുക നൽകിയില്ല. തുടർന്ന് കർഷകൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കമ്മീഷൻ ക്ഷീരവികസന ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. പെരുങ്കടവിള ക്ഷീരവികസന യൂണിറ്റിൽ നിന്നും 2020 സെപ്റ്റംബർ വരെ പശു ചത്തവർക്ക് കണ്ടിജന്റ് സഹായം നൽകിയിട്ടുണ്ടെന്നും 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ ലഭിച്ച അപേക്ഷകൾക്ക് ധനസഹായം നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാരൻ അപേക്ഷ നൽകിയത് 2021 ഡിസംബർ 15 നാണ്.

2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ കണ്ടിജന്റ് ഫണ്ട് യഥാസമയം ചെലവഴിക്കാതെ തിരികെ അടച്ച ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. ഭാസ്ക്കരൻ നായർക്ക് തുക അനുവദിക്കണമെന്നും നിർദ്ദേശിച്ചു. പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ 15,000 രൂപ നിക്ഷേപിച്ചതായി ക്ഷീരവികസന ഡയറക്ടർ അറിയിച്ച സാഹചര്യത്തിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരാതി തീർപ്പാക്കി.

CONTENT HIGH LIGHTS;Human Rights Commission intervenes: Farmer gets insurance

Latest News