കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസ് മൂന്ന് ഇന്ത്യ കേന്ദ്രീകൃത സേവനങ്ങള്‍ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമായുള്ള രാജ്യത്തിന്‍റെ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ടിസിഎസ് സോവറിൻസെക്യുർ ക്ലൗഡ്, ടിസിഎസ് ഡിജിബോൾട്ട്, ടിസിഎസ് സൈബർ ഡിഫൻസ് സ്യൂട്ട് എന്നിവയാണ് പുതിയ സേവനങ്ങള്‍. ഇന്ത്യയുടെ തനതായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി സേവനങ്ങളുടെ തുടക്കമാണ് ഈ അവതരണം.
ന്യൂഡൽഹിയിൽ നടന്ന ടിസിഎസിന്‍റെ ‘ആക്സിലറേറ്റിംഗ് ഇന്ത്യ’ പരിപാടിയിലാണ് പുതിയ സേവനങ്ങളുടെ അവതരണം നടന്നത്. ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്‌ടറുമായ കെ. കൃതിവാസൻ, ഗ്രോത്ത് മാർക്കറ്റ്സ് പ്രസിഡന്‍റ് ഗിരീഷ് രാമചന്ദ്രൻ, മുതിർന്ന ടിസിഎസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ടിസിഎസ് സോവറിൻ സെക്യുർ ക്ലൗഡ്, പൂർണമായും ടിസിഎസ് നിർമ്മിച്ച് കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെതും തദ്ദേശീയവും സുരക്ഷിതവുമായ ക്ലൗഡാണ്. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള സംയോജിത ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കഴിവുകളോടെയാണ് ഈ ക്ലൗഡ് വരുന്നത്. മുംബൈയിലെയും ഹൈദരാബാദിലെയും ടിസിഎസ് ഡേറ്റാ സെന്‍ററുകളെ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ തന്നെ സെൻസിറ്റീവ് ഡേറ്റ സൂക്ഷിക്കുന്ന രീതിയിലാണ് ടിസിഎസ് സോവറിൻസെക്യൂർ ക്ലൗഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2023-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്‌ടിന് അനുസൃതമായിട്ടാണ് ഈ ക്ലൗഡ് പ്രവർത്തിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ശക്തി കൂടി ചേർന്ന സമഗ്രമായ ലോ-കോഡ് പ്ലാറ്റ്ഫോമായ ടിസിഎസ് ഡിജിബോൾട്ട്, എന്‍റർപ്രൈസുകളെ അവരുടെ എൻഡ്-ടു-എൻഡ് ഡിജിറ്റൽ ഇന്നൊവേഷൻ യാത്രകൾ ത്വരിതപ്പെടുത്താനും പരുവപ്പെടുത്താനും പ്രാപ്തമാക്കുന്നു. ഡിജിറ്റൽ പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും ആവശ്യമായ എല്ലാ ആക്സിലറേറ്ററുകളും ഇത് നൽകുന്നു. ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യകളിൽ നിർമ്മിച്ച ഇത് എഐ-ഫസ്റ്റ് ആപ്ലിക്കേഷനുകൾ വേഗത്തിൽ പ്രയോജനപ്പെടുത്താനും ആഗോള വിപണിയിൽ മുൻതൂക്കം നേടാനും ഓർഗനൈസേഷനുകളെ പ്രാപ്തമാക്കുന്നു.
ആഗോളതലത്തിൽ തന്നെ വിശ്വസനീയമായ ടിസിഎസിന്‍റെ സെക്യൂരിറ്റി സർവീസ് പ്ലാറ്റ്ഫോമായ ടിസിഎസ് സൈബർ ഡിഫൻസ് സ്യൂട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതുവഴി നൂതന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത പരിരക്ഷയുള്ള സൈബർ സുരക്ഷാ ചട്ടക്കൂട് സംരംഭങ്ങള്‍ക്ക് ലഭിക്കും.
അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡേറ്റാ പരമാധികാരം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ ആക്സിലറേഷൻ എന്നിവ ഒത്തുചേരുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യയെന്ന് ടിസിഎസ് ഗ്രോത്ത് മാർക്കറ്റ്സ് പ്രസിഡന്‍റ് ഗിരീഷ് രാമചന്ദ്രൻ പറഞ്ഞു. ഇന്ത്യയുടെ തനതായ ആവശ്യങ്ങള്‍നുസൃതമായി രൂപകല്‌പന ചെയ്ത ഈ പുതിയ സേവനങ്ങള്‍ രാജ്യത്തിനായി സുരക്ഷിതവും ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് അധിഷ്ഠിതവുമായ ഡിജിറ്റല്‍ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.