ബൈസാരന്‍ താഴ്‌വരയില്‍ അഴിഞ്ഞാടിയ ഭീകരര്‍ക്ക് മുന്നില്‍ നിന്ന് നസാകത് അഹമ്മദ് ഷാ എന്ന 30 വയസുകാരൻ രക്ഷിച്ചത് നിരപരാധികളായ 11 ജീവനാണ്. ഛത്തിസ്ഗഡില്‍ നിന്നുള്ള ബിജെപി നേതാവായ അരവിന്ദ് അഗ്രവാളും ഭാര്യ പൂജയും നാല് വയസുകാരി മകളും ഉള്‍പ്പെടെ 11 പേര്‍ കശ്മീര്‍ യാത്രയുടെ അവസാന ഘട്ടത്തിലായിരുന്നു. പഹല്‍ഗാമിലേക്ക് അവര്‍ക്ക് വഴികാട്ടിയത് നസാകത് അഹമ്മദ് ഷാ. കശ്മീര്‍ സ്വദേശിയായ നസാകത് മഞ്ഞുകാലത്ത് ഛത്തിസ്ഗഡിലെ ചിര്‍മിരിയിലെ പുതപ്പുകള്‍ വിറ്റിരുന്നു.
മുന്‍പരിചയമുള്ളതുകൊണ്ടാണ് അരവിന്ദ് അഗ്രവാളും കുടുംബവും കശ്മീര്‍ യാത്രക്ക് നസാകത് അഹമ്മദ് ഷായെ ഒപ്പം കൂട്ടിയത്.അന്ന് ഉച്ചയോടെയാണ് അവര്‍ ബൈസരണ്‍ താഴ്വരയില്‍ എത്തിയത്. കുട്ടികള്‍ കളിക്കോപ്പുകള്‍ക്ക് പുറകേ പോയി. മുതിര്‍ന്നവര്‍ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. പെട്ടെന്നാണ് ആഹ്ലാദങ്ങള്‍ക്ക് മുകളില്‍ നിലവിളികള്‍ ഉയര്‍ന്നത്. കുറച്ചുനേരം സ്തബ്ധരായി പോയ മനുഷ്യര്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവന്നതും പ്രാണരക്ഷാര്‍ഥം പരക്കംപായാന്‍ തുടങ്ങി.
‘ഞങ്ങള്‍ നിന്നതിന് 20 മീറ്റര്‍ അപ്പുറത്താണ് വെടിവെപ്പുണ്ടായത്. ചുറ്റുമുണ്ടായിരുന്നവരോട് നിലത്ത് കിടക്കാന്‍ ഞാന്‍ പറഞ്ഞു. വേലിക്കെട്ടിലെ ചെറിയ വിടവിലൂടെ കുട്ടികളെ ഞാന്‍ പുറത്തേക്ക് വിട്ടു. ഭീകരര്‍ അടുത്തേക്ക് വരുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്നവരുമായി ഞാന്‍ അവിടെനിന്ന് എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. ദൈവത്തിന് നന്ദി, 11 പേരെയും സുരക്ഷിതരായി തിരികെയെത്തിക്കാന്‍ എനിക്ക് കഴിഞ്ഞു’ – നസാകത് അഹമ്മദ് ഷാ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, നസാകതിന് തന്റെ പ്രിയപ്പെട്ട ബന്ധു സയ്ദ് ആദില്‍ ഹുസൈന്‍ ഷായെ ഭീകരാക്രമണത്തില്‍ നഷ്ടമായി. ഭീകരരെ ചെറുത്തുനില്‍ക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചാണ് സയ്ദ് ആദില്‍ ഹുസൈന്‍ ഷാ മരണം വരിച്ചത്. ജീവന്‍ രക്ഷിച്ച നസാകത് അഹമ്മദ് ഷായ്ക്ക് നന്ദി പറഞ്ഞ് അരവിന്ദ് അഗ്രവാള്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതോടെയാണ് ധീരമായ കശ്മീരി ചെറുത്തുനില്‍പ്പിന്റെ ആ കഥ പുറംലോകമറിഞ്ഞത്.
STORY HIGHLIGHTS : Meet the brave Pahalgam guide who saved the lives of tourist