വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് ഇന്ന് ഇന്ത്യൻ സമയം 1.30ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. തുടർന്ന് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുക്കും.
മൂന്നുദിവസമായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ചടങ്ങിൽ ഒട്ടേറെ രാഷ്‌ട്രത്തലവന്മാടക്കം ഇരുനൂറോളം വിദേശപ്രമുഖർ പങ്കെടുക്കും. കർദിനാൾ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യകാർമികത്വം വഹിക്കും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സഹകാർമികരാകും.
രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്‌ച വൈകിട്ട് വത്തിക്കാനിലെത്തി.ഇന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ചടങ്ങുകളിലും പ്രാർഥനയിലും രാഷ്‌ട്രപതി പങ്കെടുക്കും.