ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ പാക് പൗരൻമാരെയും നാടുകടത്താനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയതിന് പിന്നാലെ അട്ടാരി – വാഗാ അതിർത്തിയിൽ പാക് പൗരന്മാരുടെ തിരക്ക്. ഞായറാഴ്ചയാണ് കേന്ദ്രം നൽകിയ സമയപരിധി അവസാനിക്കുന്നത്. ഇന്നലെ 191 പാക് പൗരൻമാർ അട്ടാരി അതിർത്തിയിലൂടെ മടങ്ങിയതായും 287 ഇന്ത്യക്കാർ പാകിസ്ഥാനിൽനിന്നു തിരിച്ചെത്തിയതായും പഞ്ചാബ് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം 28 പാക് പൗരൻമാർ മടങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ദിനങ്ങളിൽ മൊത്തം 229 പാക് സ്വദേശികൾ അവരുടെ രാജ്യത്തേക്ക് മടങ്ങിയപ്പോൾ 392 ഇന്ത്യക്കാർ തിരിച്ചെത്തിയതായും പഞ്ചാബ് പൊലീസ് പ്രോട്ടോകോൾ ഓഫീസർ അരുൺമഹൽ അറിയിച്ചു.
അതിർത്തി അടയ്ക്കുന്നത് ഇന്ത്യയിലെയും പാകിസ്താനിലെയും സാധാരണക്കാരെ ഒരുപോലെയാണ് ബാധിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ പാകിസ്താൻ പൗരന്മാർ ഇന്ത്യ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയത്. എന്നാൽ മടങ്ങി പോകുന്നവർക്ക് പാകിസ്താൻ വിസ നൽകാത്തത് ജനങ്ങളെ പ്രതിസന്ധിയിലാക്കി.
മെഡിക്കൽ വിസയിൽ കഴിയുന്നവർക്ക് ചൊവ്വാഴ്ച വരെ ഇന്ത്യയിൽ തുടരാം. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താൻ മന്ത്രിമാരുടെ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ വന്നതോടുകൂടിയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.