ഇന്ത്യൻ ഫുട്ബോൾ താരവും മുൻ നായകനുമായ ഐഎം വിജയൻ പൊലീസിൽ നിന്നു വിരമിച്ചു. ഈ മാസം 30ഓടെ അദ്ദേഹത്തിന്റെ സർവീസ് കാലാവധി പൂർത്തിയാകും. 56ാം പിറന്നാൾ ദിനത്തിലാണ് 38 വർഷം നീണ്ട സേവനത്തിനൊടുവിലാണ് വിജയൻ കാക്കിക്കുപ്പായം അഴിക്കുന്നത്. മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് വിജയന്റെ പടിയിറക്കം.
ഫുട്ബോൾ മികവുമായി 18ാം വയസിലാണ് ഐഎം വിജയൻ അതിഥി താരമായി പൊലീസിലെത്തുന്നത്. കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നെടുംതൂണുകളിൽ ഒന്നായി വിജയൻ പിൽക്കാലത്ത് മാറി. ഇന്നലെ ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽ നിന്നു വിജയൻ സല്യൂട്ട് സ്വീകരിച്ചു. വിപി സത്യൻ, യു ഷറഫലി, സിവി പാപ്പച്ചൻ, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ സുവർണ സംഘത്തിലെ അവസാന കണ്ണിയും പടിയിറങ്ങി.
1986ൽ കേരള പൊലീസിൽ അതിഥി താരമായി എത്തിയ വിജയൻ 1987ൽ 18 വയസ് പൂർത്തിയായപ്പോൾ കോൺസ്റ്റബിളായാണ് ജോലിയിൽ പ്രവേശിച്ചത്. 1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻ ബഗാനിലേക്ക് കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. 1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ജെസിടി, എഫ്സി കൊച്ചിൽ, ചർച്ചിൽ ബ്രദേഴ്സ് ക്ലബുകൾക്കായി കളിച്ചു.
1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളിൽ നിന്നു 39 ഗോളുകൾ. 2006ൽ ഈസ്റ്റ് ബംഗാളിൽ കളിക്കവെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ചു.= പിന്നീട് എഎസ്ഐ ആയി വീണ്ടും കേരള പൊലീസിൽ എത്തി. 2021ൽ എംഎസ്പി അസി. കമാൻഡന്റ് ആയി. 2002ൽ അർജുന അവർഡും ഈ വർഷം പത്മശ്രീ നൽകിയും രാജ്യം ആദരിച്ചു.
content highlight: I M Vijayan