Kerala

അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. കേസിന്റെ എഫ്ഐആ‍ർ ഇന്ന് സിബിഐ കോടതിയിൽ സമർപ്പിക്കും.

മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹ‍ർ‌ജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നി‍ർദ്ദേശം നൽകിയിരിക്കുന്നത്.

2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇക്കാലത്ത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കെ എം എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും ആഡംബര ഫ്‌ളാറ്റുകളും കൊല്ലത്ത് ഷോപ്പിംഗ് മാളുമുണ്ട്. ഈ സ്‌നപത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഉള്‍പ്പെടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest News