Food

കാടിൻ്റെ നടുക്ക് ഇരുന്ന് ഫുഡ് കഴിക്കണോ? ആരണ്യകം ഇക്കോ കഫേയിലേക്ക് വിട്ടോളൂ… | Aranyakam Eco Cafe

കാടിൻ്റെ നടുക്ക് ഇരുന്ന് ഫുഡ് കഴിക്കണോ? എങ്കിൽ പത്തനംതിട്ടയിലെ അടവിയിലെ ആരണ്യകം ഇക്കോ കഫേയിലേക്ക് വിട്ടോളൂ… വനിതകളുടെ കൈപ്പുണ്യത്തിൽ കാടിനു നടുവിൽ നാടൻ രുചികളൊരുക്കുന്ന ആരണ്യകം ഇക്കോ കഫേയിലേക്ക്.. നല്ല നാടൻ ഊണ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു സ്പോട്ട് ആണിത്. ഉച്ചഭക്ഷണ സമയത്ത് രുചികരമായ കേരള ശൈലിയിലുള്ള ഭക്ഷണം വിളമ്പുന്ന കേരള വനം വകുപ്പ് നടത്തുന്ന ഒരു എളിയ ഭക്ഷണശാലയാണ് ആരണ്യകം ഇക്കോ കഫേ.

തണ്ണിത്തോട് റോഡരികിലായി വനഭാഗത്തെ പേരുവാലിയിലാണ് നാടൻ വിഭവങ്ങളുമായി കാട്ടിൽ ഊണ് ഒരുക്കുന്നത്. ചുറ്റുവട്ടത്ത് മുഴുവൻ കാടാണ്. സൈഡിലൂടെ കല്ലാർ ഒഴുകുന്നുണ്ട്.. ഇവിടെയെത്തുന്നവർക്ക് കല്ലാറിന്റെ കുളിർ കാറ്റേറ്റ് കുട്ടവഞ്ചി ഉപയോഗിച്ച് നിർമിച്ച കുടയുടെ കീഴിൽ സമയം ചെലവഴിക്കാനുമാകും. കഫേയുടെ സമീപത്തായി കുട്ടവഞ്ചി കുടക്കീഴിൽ ഇരിപ്പിടങ്ങളൊരുക്കിയിട്ടുണ്ട്. ഇതെല്ലാം ആസ്വദിച്ച് നല്ല നാടൻ ഭക്ഷണം കഴിക്കാം. ലളിതവും എന്നാൽ രുചികരവുമായ ഭക്ഷണം

സാമ്പാർ, അവിയൽ, തോരൻ, സാലഡ്, അച്ചാർ, പപ്പടം, മോര് കറി, പച്ചമോര്, രസം ഇത്രയുമാണ് ഊണിന് വരുന്നത്. കൂടാതെ കപ്പ, മീൻ കറി, എല്ല് കറി, ചിക്കൻ, ബീഫ്, മീൻ പൊരിച്ചത് ഇത്രയുമുണ്ട്. ഇത് കൂടാതെ ഓർഡർ അനുസരിച്ച് വേറെയും ചെയ്ത് കൊടുക്കും. ശനിയും ഞായറും ആണ് ഇവിടെ തിരക്ക് കൂടുതൽ. അവധി ദിവസങ്ങളിൽ തിരക്ക് കൂടുതലാണ്. വിറക് അടുപ്പിലാണ് ഭക്ഷണങ്ങൾ പാകം ചെയ്യുന്നത്.

രാവിലെ 8 മണി മുതൽ വൈകീട്ട് 5.30 വരെയാണ് കട. വീക്കെൻഡിൽ ആണ് ഇവിടെ ഒരുപാട് വിഭവങ്ങൾ ഉള്ളത്. ഈ സമയത്ത് ആണ് ഏറ്റവും കൂടുതൽ ആളുകൾ വരുന്നത്.

ഇനങ്ങളുടെ വില:

ഭക്ഷണം: രൂപ. 80/-
അയല ഫ്രൈ: രൂപ. 60/-
മീൻകറി: രൂപ. 60/-

വിലാസം: ആരണ്യകം ഇക്കോ കഫേ, അടവി, പത്തനംതിട്ട
ഫോൺ നമ്പർ: 8547600634