എ.ജെ. റോബിന്‍
സി.പി.എമ്മിന്റെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്ററിന്റ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. തലസ്ഥാനത്തെ കണ്ണായ സ്ഥലത്താണ് ബഹുനില കെട്ടിടമായാണ് പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണ വേളയിലും, അത് പൂര്‍ത്തിയായപ്പോഴും എന്തിന്, അതിന്റെ നിറത്തില്‍പ്പോലും വിവാദങ്ങള്‍ ഉണ്ടായി. കാവി പെയിന്റുകൊണ്ടു തന്നെ സംസ്ഥാന കമ്മിറ്റി ഓഫീസ് വിവാദങ്ങളില്‍ ഇടം പിടിച്ചു. ചുവപ്പ് നെഗറ്റീവ് പ്രതിഭാസമാണെന്നും, കാവി സമാധാനത്തിന്റെ നിറമാണെന്നുമൊക്കെയുള്ള അബിപ്രായങ്ങള്‍ പലകോണുകളില്‍ നിന്നുമുണ്ടായതും ശ്രദ്ധേയമാണ്.
എന്നാല്‍ അതിനുശേഷവും മാന്‍ഡ്രേക്കിന്റെ തല കണക്കെ പിന്നെയും പ്രശ്‌നങ്ങള്‍ മലവെള്ളംപോലെ ഒഴുകി. പുതിയ ഓഫീസിന്റെ ഉദ്ഘാടന ദിവസം തിരഞ്ഞെടുത്തത് ഹിന്ദു ആചാര പ്രകാരമുള്ള ദിവസമായിരുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. ഗണപതി ഹോമം നടത്തി, തേങ്ങയുമുടച്ചാകുമോ പാലുകാച്ചല്‍ എന്നും ചിലര്‍ ആക്ഷേപിച്ചിരുന്നു. ആഗോള കത്തോലിക്കാ സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ കാലം ചെയ്തതിന്റെ ദുഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചപ്പോള്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയതും വിവാദങ്ങളില്‍പ്പെട്ടു. അന്ന് നടന്ന ഉദ്ഘാടനം സാധാരണ രീതിയില്‍ ആയിരുന്നില്ല. ആഡംബരാദി ആഘോഷപൂര്‍വ്വം പരിപാടി സംഘടിപ്പിച്ചതും ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. എന്നാല്‍, ഇതെല്ലാം വിവാദങ്ങള്‍ക്കു വേണ്ടിമാത്രം വിവാദമുണ്ടാക്കുന്നതാണെന്ന് തര്‍ക്കിക്കാമെങ്കിലും ഉള്‍പാര്‍ട്ടീ ജനാധിപത്യ വഴിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം എവിടെ ?, എന്ന ചര്‍ച്ച ഗൗരവകരമാണ്.
ഇതോടൊപ്പം സി.പി.എം രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന വ്യക്തിപൂജയും സ്ഥാനങ്ങളേക്കാള്‍ അധികമായി ചിലര്‍ക്ക് നല്‍കുന്ന അമിത പരിഗണനയും ആ പുതിയ പാര്‍ട്ടി ഓഫീസ് ഉദ്ഘാടന വേളയില്‍ കാണാനായി. ഇ.എം.എസിനേ ശേഷം മലയാളിയായ ആദ്യ ദേശീയ ജനറല്‍ സെക്രട്ടറിയാണ് എം.എ. ബേബി. മധുര പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞിട്ട് കഷ്ടിച്ച് ഒരു മാസം കഴിഞ്ഞതേയുള്ളൂ. കേരളത്തിനും, മലയാളികള്‍ക്കും, സര്‍വ്വോപരി കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അബിമാനിക്കാവുന്ന സ്ഥാനമാണ് എം.എ. ബേബിക്കു കിട്ടിയത്. അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയിട്ട് രാജ്യത്തെ സി.പി.ഐ.എമ്മിന് അഭിമാനകരമായ വലിയൊരു നേട്ടമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നതായിരുന്നു കേരളത്തിലെ പുതിയ എ.കെ.ജി സെന്ററിന്റെ ഉദ്ഘാടനം.
നിര്‍ഭാഗ്യവശാലോ, അതോ ഉള്‍പാര്‍ട്ടീ ജനാധിപത്യത്തിലെ ശക്തിക്കുറവോ കൊണ്ട് പാര്‍ട്ടി ജനറള്‍ സെക്രട്ടറി വെറും കാഴ്ചക്കാരന്റെ റോളില്‍ മൂന്നാംനിരക്കാരനായി മാറുകയായിരുന്നു. അവിടെ പിണറായി വിജയനു മുമ്പില്‍ എം.എ. ബേബി എന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ട്ടിയിലെ ‘ബേബി'(കുഞ്ഞ്) ആയി മാരുകയായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നും ആരു തന്നെ വന്നാലും, ആ പദവി പിണറായി വിജയനെന്ന നേതാവിനു താഴെ ആയിരിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്. സി.പി.എമ്മിന്റെ ജനറല്‍ സെക്ട്രറി എന്ന ബേബിയുടെ പദവിയെ പിണറായി വിജയന്‍ ഗ്രൂപ്പ് വെട്ടിയത്, ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന വാളു കൊണ്ടാണ്.
എം.എ ബേബി ജനറല്‍ സെക്രട്ടറി ആയാലും പാര്‍ട്ടിയില്‍ ഇന്നും ‘ബേബി’
സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്വന്തം സംസ്ഥാനത്ത് ആദ്യമായി പങ്കെടുത്ത വലിയ പരിപാടിയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം. പാര്‍ട്ടിക്ക് ആകെ ഭരണമുള്ള സംസ്ഥാനത്ത് ഒരു പരിപാടി നടന്നിട്ട് അതിന്റെ ഉദ്ഘാടകനായ പരിഗണിക്കാതെ ഇരുന്നതില്‍ കൊല്ലം ഘടകത്തിനും സിപിഎമ്മിലെ താത്വീക ചേരിക്കും അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ ഏറ്റവും വലിയ ഘടകത്തെ നയിക്കുന്ന നേതാവ് കേരളത്തിലെ ചടങ്ങില്‍ മൂന്നാം നിരയിലേക്ക് തള്ളപ്പെട്ടു എന്നുള്ളതും ശ്രദ്ധേയമാണ്. അധികാര ഫോട്ടോ രാഷ്ട്രീയത്തോട് താത്പര്യമില്ലാത്ത യഥാര്‍ഥ വിപ്ലവകാരിയാണ് ബേബി സഖാവെന്ന് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചാലും രാഷ്ട്രീയ കേരളത്തിനു മുന്നില്‍ പിണറായിക്ക് മുകളിലല്ല ആരും എന്നതിന് ഉദാഹരണമാണിത്. ജനറല്‍ സെക്രട്ടറിയുടെ ഒരു ബാനറോ ഫോട്ടോയും അവിടെയെങ്ങും ആരും കണ്ടില്ല. ഇതെല്ലാം പാര്‍ട്ടയില്‍ എംഎ ബേബി ബേബിയാണെന്ന് വ്യക്തമാക്കുകയാണ്. വിഎസിനൊപ്പം ഒരു കാലത്ത് അടിയുറച്ച് നിന്ന നേതാവ് കാലാന്തരത്തില്‍ ഇംഎഎസിന് ശേഷം ജനറല്‍ സെക്രട്ടറിയായി വന്നാലും അതിന് ഇത്രയും പ്രസക്തിയെ ഉള്ളുവെന്നും ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നു. അതുകൊണ്ടാണ് പ്രായ പരിധിയില്‍ പോലും 78കാരനായ പിണറായിക്ക് ഇളവ് ലഭിച്ചത്.
പി. ജയരാജനെ മാത്രം ബാധിക്കുന്ന വ്യക്തിപൂജാ വിവാദം
സി.പി.എം എല്ലാകാലത്തും കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തനായ പി ജയരാജനെ നിലയ്ക്ക് ശാസിച്ചു നിര്‍ത്തുന്നത് വ്യക്തിപൂജയുടെ പേരിലാണ്. പി.ജെ. ആര്‍മി സൈബര്‍ ലോകം കീഴടക്കിയപ്പോഴും പാര്‍ട്ടി വടിയെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം മാത്രമായി വര്‍ഷങ്ങളായി തുടരുന്ന മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ജയരാജന്‍ ഇന്നും സംസ്ഥാന നേതൃത്വത്തിന് അനഭിമതനാണ്. മകനായ ജെയ്ന്‍ രാജ് സൈബര്‍ ലോകത്ത് ഇടപെടുന്നതിന്റെ പേരിലും ജയരാജന്‍ വേട്ടയാടപ്പെട്ടിട്ടുണ്ട്. പി. ജയരാജനെ പാര്‍ട്ടിയിലെ ഒരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ വെട്ടുന്നത്, വ്യക്തി പൂജയ്ക്കു പാത്രമാകുന്ന നേതാവ് എന്ന രീതിയിലാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെ.കെ. രാഗേഷിനെ അവരോധിച്ചതും പി.ജയരാജന്റെ വാ അടപ്പിക്കാന്‍ കൂടിയാണെന്നും മറക്കാനാവുന്നതെങ്ങനെ.
എന്നാല്‍, പിണറായി വിജയന് ഇതെല്ലാമാകാം. കാരണ ഭൂതന്‍ തിരുവാതിരയും, പുകഴ്ത്തു പാട്ടും, എന്റെ തല എന്റെ ഫിഗര്‍ മാത്രമുള്ള ആകാശം മുട്ടുന്ന കട്ടൗട്ടറും എല്ലാം വെയ്ക്കാം. ഇതൊന്നും വ്യക്തി പൂജയുടെ പരിധിയില്‍ വരില്ല. ഇതാണ് പുതിയ എ.കെ.ജി സെന്ററിന്റെ ഉദ്ഘാടന വേളയില്‍ ആകെ കാണാനായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടുകള്‍ മാത്രമേ എവിടെയും കാണാനുണ്ടായിരുന്നുള്ളൂ. ജനറല്‍ സെക്രട്ടറിയായ മലയാളിയുടെയോ സംസ്ഥാന സെക്രട്ടറി(എ.കെ.ജി. സെന്ററിന്റെ ഇപ്പോഴട്ടെ ഭരണാധികാരി) എം.വി ഗോവിന്ദന്റെയോ ഒരു ചിത്രംപോലും കാണാനില്ല. കോട്ടയം സമ്മേളനത്തില്‍ ചെങ്കൊടിയില്‍ പിണറായിയുടെ ചിത്രം ആലേഖനം ചെയതതിനെ അതേ വേദിയില്‍ വെച്ച് വിമര്‍ശിച്ച മുഖ്യമന്ത്രി, എ.കെ.ജി സെന്റര്‍ ഉദ്ഘാടന മഹാമത്തില്‍ തന്റെ ഫിഗദര്‍ മാത്രം കണ്ടിട്ടും ഒന്നും മിണ്ടിയില്ല.
ബക്കറ്റിലെ വെള്ളത്തിലെ തിരയെ ഉപമിച്ച് വി.എസിനെ വ്യംഗ്യാര്‍ത്ഥത്തില്‍ ആക്ഷേപിച്ച പിണറായിയെ ഉപദേശിക്കാനോ വ്യംഗ്യാര്‍ത്ഥത്തില്‍ ആക്ഷേപിക്കാനോ ആരെയും ആ വേദിയില്‍ കണ്ടില്ല. അതിനുള്ള ധൈര്യം ആര്‍ക്കുമില്ലെന്നതാണ് വസ്തുത. ഇതെല്ലാം കാണിക്കുന്നത്, വ്യക്തിപൂജ ജയരാജനോടും പാര്‍ട്ടിയിലെ മറ്റു നേകതാക്കള്‍ക്കും ആയാല്‍ മാത്രമേ വിവാദം ആകുകയുള്ളു എന്നാണ്. പാര്‍ട്ടിയുടെ ഈ പോക്ക് ഏകാധിപത്യത്തിലേക്കല്ല മറിച്ച ഏകത്വത്തിലേക്കാണെന്നതാണ് സത്യം.
content highlight: CPM new state committee office