മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.
പിന്നാലെ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതി പറയുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദിൽകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇതോടെയാണ് അടിയന്തര നടപടിയുണ്ടായത്. ഇയാൾ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ട് ലഭിച്ചതിൽ പ്രകാരമാണ് പ്രാഥമിക നടപടിയെന്ന നിലയിൽ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബി എസ് സുനിൽ കുമാർ അറിയിച്ചു. നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി വിവരം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു. ആർഎംഒയുടെ റിപ്പോർട്ട് ലഭിക്കുന്നതോടെ പൊലീസിൽ പരാതി നൽകാനാണ് ആശുപത്രി അധികൃതരുടെ നീക്കം.
STORY HIGHLIGHTS : Employee suspended for misbehaving with patient