പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരെ നടപടി ശക്തമാക്കി സൈന്യം. കുപ്വാരയില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന സ്‌ഫോടനത്തില്‍ തകര്‍ത്തു. ലഷ്‌കര്‍ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീടും സ്‌ഫോടനത്തില്‍ തകര്‍ത്തു. ഇവിടെനിന്ന് വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു. മുഷ്താഖാബാദ് മച്ചിലിലെ സെഡോരി നാലയിലെ വനപ്രദേശത്താണ് സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തകര്‍ത്തത്. അഞ്ച് എ.കെ-47 തോക്കുകള്‍, എട്ട് എ.കെ-47 വെടിമരുന്നുകള്‍, കൈത്തോക്ക്, കൈത്തോക്കിനുള്ള വെടിയുണ്ടകള്‍, 660 റൗണ്ട് എ.കെ-47 വെടിയുണ്ടകള്‍, 50 റൗണ്ട് എം4 വെടിയുണ്ടകള്‍ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. കശ്മീരില്‍ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകര്‍ത്തത്. കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്. ‘കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആറ് തീവ്രവാദികളുടെയോ അവരുടെ കൂട്ടാളികളുടെയോ വീടുകള്‍ തകര്‍ത്തു, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെയും സമാനമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഭീകരരുടെ താവളങ്ങള്‍ തകര്‍ക്കാന്‍ ശ്രീനഗറില്‍ ശനിയാഴ്ച 60 ലധികം സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിയതായി ജമ്മു കശ്മീര്‍ പൊലീസ് വക്താവ് പറഞ്ഞു.
STORY HIGHLIGHTS : army-steps-up-action-against-terrorists-destroys-hideouts-seizes-weapons