പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് വീണ്ടും തിരിച്ചടിയുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നതോടെ പാകിസ്ഥാനിലെ ഝലം നദിയിൽ വെള്ളപ്പൊക്കം. ഇതോടെ പാക് അധീന കശ്‌മീരിലെ താഴ്ന്ന മേഖലയിൽ എല്ലാം വെള്ളംകയറി.
ഹട്ടിയൻ ബാല ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. നദീതീരങ്ങളിൽ താമസിച്ചിരുന്നവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി. കൊഹാല, ധാൽകോട്ട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിലെയും ചകോതിയിലെയും തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയർന്നതോടെ താമസക്കാരെ ഒഴിപ്പിക്കാൻ ഉച്ചഭാഷിണികൾ വഴി നിർദേശിച്ചു.
ഹട്ടിയൻ ബാലയിലെ ഭരണകൂടം താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കുകയും രക്ഷാപ്രവർത്തകരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തുറന്നുവിടുന്നത് ഒരു സാധാരണ പ്രവർത്തന നടപടിക്രമമാണെന്ന് റിപ്പോർട്ടുകളുണ്ട്.