World

ഇറാൻ തുറമുഖത്തുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചു, 750 പേർക്ക് പരിക്കേറ്റു

ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ മരണം 14 ആയി. 750 പേര്‍ക്ക് പരിക്കേറ്റതായി വിവരം. തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. സംഭവത്തില്‍ ഇറാന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

രാസവസ്തുക്കള്‍ നിറച്ച ഒരു കണ്ടെയ്നറാണ് സ്ഫോടനത്തിന്റെ ഉറവിടമെന്നാണ് സംശയിക്കുന്നത്. ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ മൂന്നാംഘട്ട ആണവചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് സംഭവം.

സ്ഫോടനം നടന്നതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. ദുരന്തമുണ്ടായതിന് 23 കിലോമീറ്റര്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല.

അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍ ആഭ്യന്തര മന്ത്രിയോട് സംഭവ സ്ഥലം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കി.