കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി പിണറായി വിജയന്‍. കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാനത്ത് ഇളവ് ഒന്നും നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന്‍ ശ്രീമതിയെ അറിയിച്ചു.
സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഈ മാസം 19ന് ചേര്‍ന്ന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിലക്കിയത്.
മധുര പാർട്ടികോൺഗ്രസിൽ ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും കശ്മീരിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇതേ ഇളവ് ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോൾ ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി പറഞ്ഞു.
എന്നാൽ, ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോൾ യോഗത്തിൽ വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ നൽകിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും ഒന്നും പറഞ്ഞില്ല.