നല്ലൊരു നിക്ഷേപ പദ്ധതി നോക്കുകയാണോ നിങ്ങൾ? ചെറിയ പൈസയ്ക്ക് ഇൻവസ്റ്റ് ചെയ്യാൻ പറ്റുന്ന കുറേ പദ്ധതികൾ തപാലിൽ ഉണ്ട്. അത്കൊണ്ട് തന്നെ നിരവധി പേരാണ് തപാല്‍ ഓഫീസുകളെ പണം നിക്ഷേപിക്കാനായി ആശ്രയിക്കുന്നത്. മിക്കപ്പോഴും ലാഭമില്ലെങ്കിലും നിക്ഷേപത്തില്‍ ആളുകള്‍ താത്പര്യം കാട്ടുന്നു. സ്വര്‍ണം, മ്യൂചല്ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതായത് കൊണ്ടാണ് ഇത്തരത്തില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ആളുകള്‍ ആശ്രയിക്കുന്നത്.
ചെറിയ തുകകള്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ തിരികെ കിട്ടുന്ന തപാലിന്റെ ഒരു പദ്ധതിയാണ് ഗ്രാമസുരക്ഷ യോജന.ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമാണിത്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി 1995ല്‍ തപാല്‍വകുപ്പ് ആരംഭിച്ചതാണ് പദ്ധതി. 19നും 55നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. പരമാവധി അറുപത് വയസ് വരെ നിക്ഷേപം നടത്താം. 55,58, 60 വയസുകളില്‍ പണം പിന്‍വലിക്കാനാകും. പതിനായിരം രൂപ മുതല്‍ പത്ത് ലക്ഷം വരെ പദ്ധതിയില്‍ നിക്ഷേപിക്കാനാകും. പ്രതിമാസമോ, മൂന്ന് മാസം കൂടുമ്പോഴോ, ആറുമാസത്തിലൊരിക്കലോ പദ്ധതിയില്‍ പണം നിക്ഷേപിക്കാം. ഇതിലേതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത് അത്തരത്തില്‍ നിക്ഷേപം നടത്താവുന്നതാണ്.
പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് പ്രതിമാസം 1,515 രൂപ നിക്ഷേപിക്കാം.അതായത് ദിവസവും അന്‍പത് രൂപ വീതം. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്ന ഒരാള്‍ക്ക് തിരികെ 30 മുതല്‍ 35 ലക്ഷം രൂപ വരെ കിട്ടുന്നു. ഉദാഹരണത്തിന് പത്തൊന്‍പതാം വയസില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരാള്‍ പത്ത് ലക്ഷം രൂപയുടെ പ്രീമിയം ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അയാള്‍ പ്രതിമാസം 1,515 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. 55 വയസ് വരെയാണ് നിക്ഷേപം നടത്തേണ്ടത്. അതായത് ദിവസം 50 രൂപ. 58 വയസ് വരെയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ 1463 രൂപയാണ് നിക്ഷേപിക്കേണ്ടത്. 60 വയസ് വരെയാണെങ്കില്‍ 1,411 രൂപ പ്രതിമാസം നിക്ഷേപിക്കണം. കൃത്യസമയത്ത് പ്രീമിയം അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മുപ്പത് ദിവസത്തിനകം നിക്ഷേപിക്കണം.
എത്രവര്‍ഷം നിക്ഷേപം നടത്തി എന്നതിനെ ആശ്രയിച്ചാണ് പണം തിരികെ കിട്ടുന്നത്. 55 വയസ് വരെ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് 31.60 ലക്ഷം രൂപ തിരികെ കിട്ടും. 58 വയസ് വരെയാണെങ്കില്‍ 33.40 ലക്ഷം രൂപ കിട്ടും. അറുപത് വയസ് വരെ നിക്ഷേപിച്ചാല്‍ 34.60 ലക്ഷം രൂപ കിട്ടും.
പദ്ധതിയുടെ കീഴിലുള്ള നിക്ഷേപം തിരികെ കിട്ടുന്നത് എണ്‍പത് വയസാകുമ്പോഴാണ്. നിക്ഷേപകന് മരിച്ചാല്‍ നിയമപരമായ പിന്തുടര്ച്ചക്കാരനോ നോമിനിയ്ക്കോ തുക ലഭിക്കും. നിക്ഷേപം ആരംഭിച്ച് വേണമെങ്കില്‍ മൂന്ന് കൊല്ലത്തിനകം പദ്ധതിയില്‍ നിന്ന് പിന്മാറാനാകുന്നതാണ്. എന്നാല്‍ ഇത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. അഞ്ച് വര്‍ഷത്തിന് ശേഷമാണെങ്കില്‍ നിങ്ങള്‍ക്ക് ബോണസ് കിട്ടും. പോളിസി എടുത്ത് നാല് വര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് വായ്പ എടുക്കാനാകും. വകുപ്പ് നല്കുന്ന ബോണസ് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആയിരം രൂപയ്ക്ക് 60ശതമാനം ബോണസാണ് വകുപ്പ് വാഗ്ദാനം ചെയ്യുന്നത്.
പദ്ധതിയില്‍ ചേരാനാഗ്രഹിക്കുന്നവര്‍ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തുക. വിശദ വിവരങ്ങള്‍ അവര്‍ നല്‍കും. നിങ്ങള്‍ക്ക് ഇഷ്ടമാകുകയാണെങ്കില്‍ പദ്ധതിയില്‍ അംഗമാകാം. ഇതിനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് തപാല്‍ വകുപ്പിന്റെ വെബ്സൈറ്റും സന്ദര്‍ശിക്കാം.