India

ഇനി പറച്ചിലുകളില്ല, പ്രവർത്തി മാത്രം: പടക്കപ്പലുകൾ ഒരുങ്ങി, കരുത്തറിയിച്ച് നാവിക സേന

 

പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കര-നാവിക സേനകള്‍ എത്തിയിരിക്കുകയാണ്.പാകിസ്താന്‍ യുദ്ധഭീഷണി മുഴക്കുന്നതിനിടെ ദീർഘദൂര മിസൈലുകളുടെ പരീക്ഷണം അറബിക്കടലിൽ നടത്തി കരുത്ത് കാട്ടുകയാണ് സേന.ഇതിന്റെ വീഡിയോ നാവിക സേന പങ്കുവെച്ചിട്ടുണ്ട്. കൃത്യതയുള്ള ആക്രമണങ്ങൾക്കായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ അവയുടെ പ്ലാറ്റ്‌ഫോമുകൾ, മിസൈലുകൾ, ആയുധ സംവിധാനങ്ങൾ എന്നിവ സുസജ്ജമാണെന്ന് സേന അറിയിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറാണെന്ന് നാവികസേന കുറിച്ചത്. ‘എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാര്‍’ എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ നടപടിയെക്കുറിച്ച് ആശങ്കയുള്ളതിനാൽ പാകിസ്ഥാൻ അറബിക്കടലിൽ നാവികസേനയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അറബിക്കടലിനു മുകളിൽ പറക്കരുതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നാവികർ ഈ മേഖലയിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, സജീവ വെടിവയ്പ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാൻ പുതിയ മിസൈൽ പരീക്ഷിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അതേസമയം, മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി ഡാം തുറന്നതോടെ ത്സലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.നദീതീരങ്ങളില്‍ താമസിച്ചിരുന്നവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി. ഇന്ത്യ വിസ റദ്ദാക്കിയതിനാല്‍ പാക്കിസ്ഥാനിലേക്ക് മടങ്ങാന്‍ പാക് പൌരന്‍മാര്‍ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്.