ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയം തകര്‍ത്തുവെന്നും സംഭവത്തില്‍ തന്റെ ഹൃദയം അഗാധമായ വേദനയിലാണെന്നും നരേന്ദ്രമോദി പറഞ്ഞു. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവര്‍ക്കും കുറ്റവാളികള്‍ക്കും കഠിനമായ തിരിച്ചടി തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്‍ കി ബാത് പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘ജമ്മുകശ്മീര്‍ ഉണര്‍ന്നുവരികയായിരുന്നു. ജനാധിപത്യം ശക്തിപ്പെട്ടു. വിനോദസഞ്ചാരികളുടെ എണ്ണം റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ചു, ജനങ്ങളുടെ വരുമാനം കൂടി, ജനജീവിതം മെച്ചപ്പെട്ടു, യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചു. അത് ജമ്മുകശ്മീരിന്റെ ശത്രുക്കള്‍ക്ക് ഇഷ്ടമായില്ല.
പഹല്‍ഗാമിലെ ഭീകരാക്രമണം ഭീകരതയ്ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ നിരാശയും ഭീരുത്വവുമാണ് വെളിവാക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കടുത്ത മറുപടി തന്നെ നല്‍കും. പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും’- നരേന്ദ്രമോദി പറഞ്ഞു.