india

എങ്ങും വെടിയൊച്ചകളും ബോംബ് സ്ഫോടനങ്ങളും, പോർക്കളമായി കാറെ​ഗട്ടാലു; മാവോയിസ്റ്റ് വേട്ടയിൽ വിറങ്ങലടിച്ച് ​ഗോത്രസമുഹം

 

കറുത്ത കുന്നുകൾ എന്നർത്ഥം വരുന്ന കാറെ​ഗട്ടാലു ഇന്ന് പുകയുകാണ്. മാവോയിസ്റ്റ് വേട്ടയിൽ ഈ വനം യുദ്ധക്കളമായി മാറിയിരിക്കുകയാണ്.മാവോയിസ്റ്റ് ശക്തി കേന്ദ്രമായ ഈ സ്ഥലത്ത് സുരക്ഷാ സേന തുടര്‍ച്ചയായ അഞ്ചാം ദിവസവും മാവോ വേട്ട ശക്തമായി തുടരുകയാണ്. വെന്തുരുകുന്ന 44 ഡിഗ്രി ചൂടിനെ വകവയ്ക്കാതെയാണ് സുരക്ഷാ സേനയുടെ മാവോയിസ്റ്റ് വേട്ട.അഞ്ചടി അകലെ നില്‍ക്കുന്ന ആളെ പോലും കാണാനാകാത്ത നിബിഡ വനമേഖലയിലെ സൈനിക നടപടി തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതാണ്. വെള്ളിയാഴ്‌ച രാത്രി മുഴുവന്‍ നിലയ്ക്കാത്ത വെടിയൊച്ചകളും ബോംബ്‌സ്‌ഫോടനങ്ങളും കൊണ്ട് മുഖരിതമായിരുന്നു മേഖലയെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് തൊട്ടടുത്തുള്ള ഗോത്ര സമൂഹത്തെ ഭയത്തിലാഴ്‌ത്തിയിരിക്കുകയാണ്.

ശനിയാഴ്‌ച രാവിലെ ഏഴ് മണി മുതല്‍ പ്രദേശത്ത് നാല് ഹെലികോപ്‌ടറുകള്‍ റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ ഒരു സൈനികന് ഗാല്‍ഗം വനത്തില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ബീജാപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.വലിയ പ്രദേശം സുരക്ഷ സേന വളഞ്ഞിരിക്കുകയാണ്. മുളുഗു ജില്ലയുടെ അതിര്‍ത്തിയായ വെങ്കട്ടപുരത്തെ കോതപള്ളി മുതല്‍ ഭീമരാംപാഡു, കസ്‌തൂരിപാഡു, ചിനൗട്ടലപള്ളി, പൂജാരികാന്‍കര്‍, ഗുന്‍ജപര്‍ത്തി, നാമ്പി, എലമിഡി, നാഡില്ലി, ഛത്തീസ്‌ഗഡിലെ ഗാല്‍ഗം വരെ വ്യാപിച്ച് കിടക്കുന്ന മേഖലയിലാണ് തെരച്ചില്‍. കാറെഗുട്ടാലുവിലെ രുദ്രാപുരം വരെ നീളുന്ന 90 കിലോമീറ്റര്‍ മേഖലയുടെ നിയന്ത്രണ കൈക്കലാക്കാനാണ് ആയിരക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

കഠിനമായ പരിശ്രമത്തിനൊടുവില്‍ ശനിയാഴ്‌ച വൈകിട്ടോടെ കുന്നിന്‍റ കുറച്ച് ഭാഗം കയറാന്‍ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന ചില തുരങ്കകളും കണ്ടെത്താനായിട്ടുണ്ട്. മൂന്ന് വനിതാ മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായും സേന സ്ഥിരീകരിച്ചു. ഇതോടൊപ്പം ആയുധങ്ങളും വന്‍ തോതില്‍ സ്ഫോടക വസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വന്‍തോതില്‍ മാവോയിസ്റ്റുകളെ സുരക്ഷാ സേനവധിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യം അധികൃതര്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

 

സേനയുടെ പ്രവര്‍ത്തന കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇവിടെ പുരോഗമിക്കുകയാണ്. എഫ്ഒബികളുടെ സഹായത്തോടെ അബുജമാദിലെ നക്‌സല്‍ ശക്തി കേന്ദ്രം തകര്‍ത്തിരുന്നു. ഇവിടെയും മാവോയിസ്റ്റുകളെ തകര്‍ക്കാന്‍ സമാന തന്ത്രങ്ങള്‍ പ്രയോഗിക്കാനാണ് സുരക്ഷാ സേനയുടെ നീക്കം.

ഭീമാരാംപാഡു, പൂജാരികാന്‍കര്‍, നാമ്പി, ഗാല്‍ഗം(ഛത്തീസ്‌ഗഡ്‌) പുസുഗുപ്പ(ഭദ്രാദ്രി, കോഗുഡം ജില്ല തെലങ്കാന) തുടങ്ങിയിടങ്ങളില്‍ ഈ കുന്നുകളുടെ ബേസ് ക്യാമ്പില്‍ സേന ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പാമനൂര്‍, തഡപാല, പെനുഗോള്‍ തുടങ്ങിയിടങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്ഥലം അനുസരിച്ച് അഞ്ഞൂറ് മുതല്‍ ആയിരം വരെ ജവാന്‍മാരെ വിന്യസിക്കാനാണ് നീക്കം.

സേനയുടെ തെരച്ചിലിന് കരുത്ത് പകരാനായി മൂന്ന് എം 17 ഹെലികോപ്‌ടറുകള്‍ രംഗത്തുണ്ട്. ഇവര്‍ നിരന്തരം മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ബങ്കറുകളില്‍ ഒളിച്ചിരിക്കുന്ന മാവോകളെ വേട്ടയാടാനായി ധാരാളം ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ നിരവധി അത്യാധുനിക ഡ്രോണുകളും നിരീക്ഷണത്തിന് രംഗത്തുണ്ട്. ഒരാഴ്‌ച കൂടി മാവോയിസ്റ്റ് വേട്ട തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എഡിി വിവേകാനന്ദ സിന്‍ഹ, സിആര്‍പിഎഫ് ഐജി രാകേഷ് അഗര്‍വാള്‍, ബസ്‌തര്‍ ഐജിസുന്ദരരാജ് തുടങ്ങിയവരടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് മാവോയിസ്റ്റ് വേട്ട.

Latest News