മുഖ്യമന്ത്രിക്കെതിരെയും മകൾക്കെതിരെയും ഇടതുപക്ഷത്തിന്‍റെ ഭാഗമായി നിൽക്കുന്നവർക്കെതിരെയും ഒക്കെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കള്ള പ്രചാരവേല നടത്തുന്നെന്ന് എം വി ഗോവിന്ദൻ. ഭരണവർഗത്തിന്‍റെ കടന്നാക്രമണത്തിൻ്റെ ഭാഗമാണതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ വിഷയത്തിൽ വിഡി സതീശന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. കെ എം എബ്രഹാമിനെതിരെ ഉള്ള അന്വേഷണം നടക്കട്ടെയെന്നും ആരെയും സംരക്ഷിക്കണമെന്ന നിലപാട് ഞങ്ങൾക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വീണയുടെ മൊഴി എന്ന പേരിൽ വന്നതെല്ലാം ശുദ്ധ അസംബന്ധമാണ്. എന്തു കളവും പറയാൻ മടിയില്ലാത്ത വിഭാഗമാണ് എസ്എഫ്ഐഒ. മാധ്യമങ്ങൾ അതേറ്റു പിടിക്കുകയാണ്. പികെ ശ്രീമതി ടീച്ചർക്ക് സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിന് വിലക്ക് എന്ന പേരിലുള്ള വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീമതി ടീച്ചർ കേന്ദ്ര കമ്മിറ്റി അംഗമാണ്. സെൻറർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുക.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ഉണ്ടാകുമെന്നും അത് ആരായാലും ജയിക്കുകയും ചെയ്യുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്ഥാനാർത്ഥികളെല്ലാം പാർട്ടി ചിഹ്നത്തിൽ മാത്രമേ മത്സരിക്കൂ എന്ന തെറ്റിദ്ധാരണ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.