തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയല്ല ശ്രീമതിയെ വിലക്കിയതെന്നും പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പി കെ ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘പി കെ ശ്രീമതി സിപിഐഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടറിയേറ്റില്‍നിന്നും ഒഴിവായി. വിരമിച്ചു എന്ന് പറയാന്‍ പറ്റില്ല. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്.
അഖിലന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണ്’, എം വി ഗോവിന്ദന്‍ പറഞ്ഞു.